onam
പുനലൂർ റെയിെൽവേ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷാജഹാൻ മഹാബലിയുടെ വേഷത്തിലെത്തി ട്രെയിൻ യാത്രക്കാർക്ക് യാത്രയെ സംബന്ധിച്ച ഉപദേശങ്ങൾ നൽകുന്നു

പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷൻ വഴി കടന്ന് പോകുന്ന ട്രെയിനിലെ യാത്രക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ട് പുനലൂരിലെ റെയിൽവേ പൊലീസ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്യണ്ട രീതി, സുരക്ഷാ ക്രമീകരണങ്ങൾ, മറ്റ് യാത്രക്കാരിൽ നിന്ന് ശല്യമുണ്ടായാൽ ബന്ധപ്പെട്ടവരെ അറിയിക്കേണ്ട രീതി എന്നിവയടക്കമുള്ളവ യാത്രക്കാരോട് വിശദീകരിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ലഘു ലേഖകളും വിതരണം ചെയ്തു. ഇത്തരത്തിൽ വേറിട്ട രീതിയിലുള്ള ഒാണാഘോഷം യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും കൗതുകക്കാഴ്ചയായി. പുനലൂരിലെ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷാജഹാൻ പൊലീസുകാർക്കൊപ്പം മഹാബലിയുടെ വേഷമണിഞ്ഞെത്തിയാണ് യാത്രക്കാർക്ക് ഉപദേശങ്ങൾ നൽകിയത്. രാവിലെ അത്തപ്പൂക്കളം ഒരുക്കുകയും ഓണ സദ്യ തയ്യാറാക്കുകയും ചെയ്തു. പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും ഉദ്യോഗസ്ഥരും സമീപവാസികളും യാത്രക്കാരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.