പുനലൂർ: മഴ മാറി മാനം തെളിഞ്ഞതോടെ പുനലൂരിലെ ഓണം ഫെസ്റ്റിൽ ജനത്തിരക്കേറുന്നു. പുനലൂരിലെ ചെമ്മന്തൂർ മുനിസിപ്പൽ മൈതാനിയിലാണ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയുടെ സഹകരണത്തോടെ ആരംഭിച്ച ഫെസ്റ്റിന് മന്ത്രി കെ. രാജുവാണ് തിരി തെളിയിച്ചത്. അമ്യൂസ്മെന്റ് പാർക്ക്, വ്യാപാര വിപണന മേള, കാർഷി ഉൽപ്പന്ന പ്രദർശനം, സോളാർ പാനലുകൾ, ഗൃഹോപകരണങ്ങൾ, കൈത്തറി വസ്ത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വില്പനയുമാണ് നടന്നുവരുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം പുനലൂർ, പത്തനാപുരം താലൂക്കുകൾക്ക് പുറമേ സമീപ താലൂക്കുകളിലുള്ളവരും ഫെസ്റ്റ് നഗറിലേക്ക് ഒഴുകിയെത്തുകയാണ്. സന്ധ്യയോടെ ഫെസ്റ്റ് നഗറും, പുനലൂർ പട്ടണവും ജനങ്ങളെ കൊണ്ടു നിറയും. പുനലൂർ ടി.ബി. ജംഗ്ഷൻ മുതൽ ചെമ്മന്തൂർ വരെയുളള പാതയോരവും,ചരിത്ര സ്മാരകമായ പുനലൂർ തൂക്ക് പാലവും വൈദ്യുതി കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. സാമൂഹിക, സാംസ്കാരിക സമ്മേളനങ്ങളും സിനിമാ-സീരിയൽ താരങ്ങളും പ്രദേശവാസികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും എല്ലാ ദിവസവും രാത്രിയിൽ ഫെസ്റ്റ് നഗറിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് സ്നേക്ക് മാസ്റ്റർ വാവാ സുരേഷ് അവതരിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസും, രാത്രി 7ന് ഫ്ലവേഴ്സ് ടി.വി താരങ്ങൾ അവതരിപ്പിക്കുന്ന കോമഡി ഉത്സവവും നടക്കും. തുടർന്നുള്ള വിവിധ ചടങ്ങുകളിൽ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുമെന്ന് നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ, സംഘാടക സമിതി കൺവീനറും കൗൺസിലറുമായ എസ്. സുബിരാജ് എന്നിവർ അറിയിച്ചു.