കരുനാഗപ്പള്ളി: നാടിന് ആവേശമായി ഇന്ന് ഉച്ചക്ക് 2.30ന് ശ്രീനാരായണ ട്രോഫി ജലോത്സവം കന്നേറ്റി പള്ളിക്കലാറ്റിൽ ആരംഭിക്കും. ശ്രീനാരായണ ജനകീയ കമ്മിറ്റിയാണ് വള്ളംകളി ഇക്കുറി സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ അഞ്ച് ചുണ്ടൻ വള്ളങ്ങളും ആറ് തെക്കനോടി വിഭാഗത്തിലുള്ള വള്ളങ്ങളും മാറ്റുരയ്ക്കും. അഞ്ചു ചുണ്ടൻ വള്ളങ്ങളിലായി 600 ഓളം തുഴക്കാരുണ്ടാകും. ചന്തക്കായലിൽ നിന്നാരംഭിക്കുന്ന മത്സര വള്ളംകളി ശ്രീനാരായണ ഗുരു പവലിയനിൽ സമാപിക്കും. 1200 മീറ്റർ ദൈർഘ്യമുള്ള നെട്ടായത്തിലാണ് വള്ളംകളി.
വിദേശ വിനോദ സഞ്ചാരികൾ അടക്കം ആയിരങ്ങൾ ഇന്ന് ഉച്ചമുതൽ വള്ളംകളി വീക്ഷിക്കാൻ എത്തും. ഓണാട്ടുകരയുടെ ഉത്സവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശ്രീനാരായണ ട്രോഫി ജലോത്സവം. വിദേശ ടൂറിസ്റ്റുകൾക്കായി ശ്രീനാരായണ ഗുരു പവലിയനിൽ പ്രത്യേക ഇരുപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. കാണികളെ നിയന്ത്രിക്കാൻ പൊലീസിന്റെ നിർദ്ദേശാനുസരണം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്രീനാരായണ ഗുരു പവലിയനയിൽ രാവിലെ 8 മണിക്ക് ജലോത്സവ കമ്മിറ്റി ചെയർമാൻ ആർ.രാമചന്ദ്രൻ എം.എൽ.എ പീതപതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. പൊതു സമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജലഘോഷയാത്രയ്ക്കും മത്സര വള്ളംകളിക്കും ജനറൽ ക്യാപ്ടൻ സി.ആർ.മഹേഷ് നേതൃത്വം നൽകും.
ജലോത്സവത്തിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും.മാസ് ഡ്രിൽ സല്യൂട്ട് കൊടിക്കുന്നിൽ സുരേഷ് എം.പി സ്വീകരിക്കും. ജലോത്സവ കമ്മിറ്റി ചെയർമാൻ ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ എം.ശോഭന സ്വാഗതം പറയും. ജലോത്സവത്തിന്റെ ഭാഗമായി ജില്ലാ പ്രമോഷൻ കൗൺസിൽ ശ്രീനാരായണ ഗുരു പവലിയനിൽ സംഘടിപ്പിച്ച മൂന്നുദിവസത്തെ പരിപാടികൾ ഇന്നലെ വൈകിട്ട് സമാപിച്ചു. മറ്റുജില്ലകളിൽ നിന്നെത്തുന്ന വള്ളംകളി പ്രേമികൾക്ക് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി ചീഫ് കോ-ഓർഡിനേറ്റർ എസ്. പ്രവീൺകുമാർ അറിയിച്ചു. കന്നേറ്റിയും പരിസരവും പീത പതാകകളും തോരണങ്ങളും കൊണ്ട് അണിയിച്ചൊരുക്കി. ഗ്രാമങ്ങളിലും ദേശീയപാതയുടെ ഒാരങ്ങളിലും കൂറ്റൻ കമാനങ്ങൾ ഉയർന്നു കഴിഞ്ഞു.