ശാസ്താംകോട്ട: ഏറെ നാളത്തെ ആവശ്യങ്ങൾക്കും പരാതികൾക്കും ഒടുവിൽ മൈനാഗപ്പള്ളി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. 45 ലക്ഷം രൂപ ചെലവഴിച്ച് 1650 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്മാർട്ട് കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിലവിലെ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഫീസിന്റെ പ്രവർത്തനം ഈ മാസം 16 മുതൽ മൈനാഗപ്പള്ളി പുത്തൻചന്തയ്ക്ക് സമീപമുള്ള വാടക ക്കെട്ടിടത്തിലേക്ക് മാറും. വർഷങ്ങൾ പഴക്കമുള്ളതും ഇടിഞ്ഞു വീഴാറായതുമായ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിർമ്മിക്കണമെന്നത് വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ്. ദിവസവും നൂറു കണക്കിന് പേർ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന മൈനാഗപ്പള്ളി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ചെറിയ കെട്ടിടത്തിലായതിനാൽ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോഴുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം അടർന്ന് വീണ് വില്ലേജ് ഓഫീസിലെത്തിയ വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. പുതിയ കെട്ടിടം വരുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
45 ലക്ഷം രൂപ ചെലവഴിച്ച് 1650 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്മാർട്ട് കെട്ടിടമാണ് നിർമ്മിക്കുന്നത്