photo
കരുനാഗപ്പള്ളി റെയിൽലേ സ്റ്റേഷന് തൊട്ട് തെക്കുവശമുള്ള റെയിൽവേ ക്രോസ്സ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തൊട്ട് തെക്ക് ഭാഗത്തുള്ള റെയിൽവേ ക്രോസിന് മീതേ റെയിൽവേ മേൽപ്പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കാൽ നൂറ്റാണ്ടിലേറെയായി പ്രദേശവാസികൾ ഈ ആവശ്യം ഇന്നയിക്കാൻ തുടങ്ങിയിട്ട്. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് 100 മീറ്ററോളം തെക്കു മാറിയാണ് റെയിൽവേ ക്രോസ് സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായതിനാൽ ട്രെയിനുകൾ വന്നുപോകുമ്പോൾ ദീർഘനേരം ക്രോസ് അടച്ചിടേണ്ടി വരും. വാഹനങ്ങളിൽ വരുന്ന യാത്രക്കാരെയും പ്രദേശവാസികളെയുമാണ് റെയിൽവേ ക്രോസ് ദീർഘനേരം അടച്ചിടുന്നത് ഏറെ ബാധിക്കുന്നത്. ഓരോ ദിവസവും മണിക്കൂറുകളോളമാണ് യാത്രക്കാർ ക്രോസിംഗുകളിൽ കാത്ത് നിൽക്കേണ്ടി വരുന്നത്. ഇത് പൂർണമായും ഇല്ലാതാക്കുന്നതിനാണ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ക്രോസിംഗുകളിൽ റെയിൽവേ മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നത്.

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് 100 മീറ്ററോളം തെക്കു മാറിയാണ് റെയിൽവേ ക്രോസ് സ്ഥിതി ചെയ്യുന്നത്.

ലൂപ്പ് ലൈനിൽ ട്രയിനിന്റെ വേഗത 30 കിലോമീറ്ററിൽ താഴെ

തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്നതും കരുനാഗപ്പള്ളിയിൽ സ്റ്റോപ്പുള്ളതുമായ ട്രെയിനുകൾ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തുന്നത് ലൂപ്പ് ലൈൻ വഴിയാണ്. ലൂപ്പ് ലൈനിൽ കടക്കുന്നതിന്റെ മുന്നോടിയായി 5 കിലോമീറ്ററിന് അകലെ വെച്ച് ട്രെയിനിന്റെ വേഗത കുറയ്ക്കേണ്ടി വരും. മെയിൽ ലൈനിൽ നിന്ന് ലൂപ്പ് ലൈനിലേക്ക് കടക്കുമ്പോൾ ട്രെയിന്റെ വേഗത 30 കിലോമീറ്ററിൽ താഴെയായിരിക്കും. റെയിൽവേ ക്രോസിംഗിൽ കൂടി ഏറെ സമയം എടുത്തായിരിക്കും ട്രെയിൽ സ്റ്റേഷനിലെത്തുന്നത്. ഇത്രയും സമയം യാത്രക്കാർ ക്രോസിംഗിന്റെ ഇരുവശങ്ങളിലുമായി കാത്തു നിൽക്കേണ്ടിവരും.

റെയിൽപ്പാലം നിർമ്മിച്ചാൽ....

റെയിൽവേ സ്റ്റേഷന് തൊട്ട് തെക്ക് ഭാഗത്തുള്ള റെയിൽവേ ക്രോസിന് മീതേ റെയിൽപ്പാലം നിർമ്മിച്ചാൽ കിഴക്കൻ മേഖലകളിലുള്ളവർക്ക് കരുനാഗപ്പള്ളി നഗരവുമായി എളുപ്പത്തിൽ ബന്ധപ്പെടാനാകും. റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനാവശ്യമായ തീരുമാനങ്ങളും പ്രവർത്തനങ്ങളും എത്രയും പെട്ടെന്ന് റെയിൽവേയുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.