കൊല്ലം: കരുനാഗപ്പള്ളിയിലെ ബി.ജെ.പി പ്രവർത്തകൻ സുജിത്തിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ആവശ്യപ്പെട്ടു. രണ്ട് പെൺകുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെയും ഏക ആശ്രയമാണ് ഇല്ലാതായത്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലയ്‌ക്ക് പിന്നിൽ. കൊലപാതകത്തെ നിസാര വൽക്കരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മുൻപ് ശൂരനാട്ടും പുത്തൂരും വലിയകുളങ്ങരയിലും ഉണ്ടായ അക്രമങ്ങളുടെ തുടർച്ചയാണിത്. വോട്ടിനുവേണ്ടി എൽ.ഡി.എഫ് - യു.ഡി.എഫ് കക്ഷികൾ അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.