പരിശോധന തുടരാൻ എക്സൈസ്
കൊല്ലം: ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി തിരുവോണത്തിന്
ജില്ലയിലെമ്പാടും എക്സൈസ് നടത്തിയ പരിശോധനയിൽ 52 കേസുകൾ രജിസ്റ്റർ ചെയ്‌തു.
ഒരു എൻ.ഡി.പി.എസ് കേസും അഞ്ച് അബ്കാരി കേസുകളും കോട്പ നിയമപ്രകാരമുള്ള 46 കേസുകളും ഇതിൽപ്പെടും.60 ഗ്രാം കഞ്ചാവ്, കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്‌കൂട്ടർ, അഞ്ച് ലിറ്റർ ചാരായം, 140 ലിറ്റർ കോട, 3.5 ലിറ്റർവിദേശമദ്യം, 46.5 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു.
കോട്പ് കേസുകളിൽ 9,200 രൂപ പിഴ ഈടാക്കി. സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 60 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കൊല്ലം സ്വദേശി സുനിവനെതിരെ കേസെടുത്തു. പുന്നല ഭാഗത്ത് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 105 ലിറ്റർ കോട കണ്ടെടുത്തു. കരുനാഗപ്പള്ളി കല്ലേലിഭാഗത്ത് കൂടിയ അളവിൽ വിദേശമദ്യം കൈവശം സൂക്ഷിച്ചിരുന്ന തഴവ സ്വദേശി സുരജനെ അറസ്റ്റ് ചെയ്‌തു.
കരുനാഗപ്പള്ളി പാവുമ്പയിൽ
35 ലിറ്റർ കോട കണ്ടെടുത്തു. കുളക്കട കിഴക്ക് ഭാഗത്ത് രഘുവിനെ ചാരായവുമായി അറസ്റ്റ് ചെയ്‌തു. പുനലൂർ ചാലിയക്കര ഭാഗത്ത് അഞ്ച് ലിറ്റർ ചാരായം കണ്ടെടുത്തു. കൊല്ലം റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ 40 കിലോഗ്രാം നിരോധിത പുകയില ഉൽപ്പപന്നങ്ങൾ പിടിച്ചെടുത്ത് 34 കോട്പാ കേസുകളിലായി 6800 രൂപ പിഴ ഈടാക്കി. പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു.