കൊല്ലം: വിശാലമായ ഉമയനല്ലൂർ പാടശേഖരം വിവിധയിനം ദേശാടന പക്ഷികളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. കൊയ്തൊഴിഞ്ഞ പാടം തരിശുകിടക്കുകയാണ്. അടുത്തകൃഷിയിറക്കുമുമ്പുള്ള ഇടവേളയിൽ അതിഥികളായ പക്ഷികളും നാട്ടിലെ താറാവുകളും നീന്തിതുടിച്ചും പറന്നും ഉല്ലസിക്കുകയാണ്.പാടത്ത് അങ്ങിങ്ങായി ഒറ്റയ്ക്കും കൂട്ടമായും പലയിനം പക്ഷികൾ വിഹരിയ്ക്കുന്ന കാഴ്ചകാണാൻ പക്ഷിസ്നേഹികളും എത്തുന്നുണ്ട്.
ആഗസ്റ്റ് മുതൽ സൈബീരിയ, അഫ്ഗാനിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പക്ഷികൾ ദേശാന്തരങ്ങൾ താണ്ടി എത്തുന്നത് പതിവാണ്. ജന്മദേശത്ത് തണുപ്പു കൂടുമ്പോൾ ഭക്ഷണത്തിന് ക്ഷാമം നേരിടും. ഭക്ഷണം തേടിയുള്ള യാത്രയാണ് ദേശാടന പക്ഷികളെ കേരളത്തിലും എത്തിക്കുന്നത്. കൊക്ക് വർഗ്ഗത്തിൽപെട്ട വിവിധയിനം പക്ഷികൾ കാഴ്ചയിൽ ഏറെ മനോഹരവുമാണ്. പെയിന്റഡ് സ്റ്റോർക്ക് (ക്രൗഞ്ചപക്ഷി) എന്നയിനം ഏറെ പ്രത്യേകതകളുള്ളതാണ്. രാമായണകഥയിൽ പോലും ഇവയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വാല്മീകി മഹർഷി കാട്ടിലൂടെ തമസാ നദിയിലേക്ക് പോകുന്നതിനിടെ ഇണ ചേർന്ന ക്രൗഞ്ച പക്ഷികളിലെ ഇണയെ വേടൻ അമ്പെയ്ത് വീഴ്ത്തിയ കാഴ്ചയാണ് കണ്ടത്. രക്തത്തിൽ കുളിച്ചുകിടന്ന ആൺക്രൗഞ്ച പക്ഷിയുടെ ചിറകിൽ തലയടിച്ചു വിലപിക്കുന്ന ഇണ വാല്മീകിയെ ദു:ഖിതനും ക്രൗദ്ധനുമാക്കി. ഈ ഹീനകൃത്യം ചെയ്ത കാട്ടാളനെ അദ്ദേഹം ശപിച്ചുവെന്നാണ് ഐതീഹ്യം. വലിപ്പമുള്ള പക്ഷികളാണിവ. ബ്ലാക്ക് ഐബിസ്, വൈറ്റ് ഐബിസ്, സ്പൂൺ ബിൽസ്, പവിഴക്കാലി, പർപ്പിൾ ഹെറോൺ, ഗ്രേ ഹെറോൺ, വിസിലിംഗ് ഡക്ക് തുടങ്ങിയ ഇനം പക്ഷികളുമുണ്ടിവിടെ.
ആദ്യം എത്തുന്നത് നീർകാക്കകൾ
സീസൺ തുടങ്ങുമ്പോൾ ദേശാടന പക്ഷികളുടെ വരവറിയിച്ച് ആദ്യം എത്തുന്നത് നീർക്കാക്കയാണ്. തുടന്നാണ് മറ്റിനം പക്ഷികളുടെ വരവ്. ഏപ്രിൽ മുതൽ ഇവയിൽ പലതും സ്വദേശത്തേക്ക് മടങ്ങും. ചിലയിനം പക്ഷികൾ ഇവിടെത്തന്നെ തുടരുമെന്നും ക്വയിലോൺ നേച്ചർ സൊസൈറ്റി സെക്രട്ടറിയും ബേർഡിംഗ് ബറ്റാലിയൻ അംഗവുമായ എച്ച്. ചരൺ പറഞ്ഞു.