വാളകം: ദളിത് കുടുംബത്തിലെ നാലംഗങ്ങൾ താമസിച്ചിരുന്ന വീട് കത്തിനശിച്ചു. പൊടിയാട്ടുവിള കാരന്റെഴികത്ത് കോളനിയിൽ സുരേഷ് (ശങ്കു) - അമ്പിളി ദമ്പതികളുടെ വീടാണ് കത്തി നശിച്ചത്. ഉത്രാട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 4 മണിക്കാണ് സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സുരേഷിന്റെ ഭാര്യ അമ്പിളിയും മകൾ ലക്ഷ്മിയും അടുത്തുള്ള വീട്ടിലായിരുന്നു. മകൾ അമ്പിളി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ ഓടി ക്കൂടി തീ അണച്ചു. വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യ രേഖകൾ, സ്വർണാഭരണങ്ങൾ, അയ്യായിരം രൂപ, പഠനോപകരണങ്ങൾ, ഭക്ഷ്യ സാധനങ്ങൾ തുടങ്ങിയവ കത്തി നശിച്ചു. വീടിന്റെ ഷീറ്റും ഓടും എല്ലാം പൊട്ടിത്തെറിച്ചു. തീയണയ്ക്കാൻ പുനലൂർ, കൊട്ടാരക്കര എന്നിവടങ്ങളിൽ നിന്ന് അഗ്നി രക്ഷാ സേനയുടെ യൂണിറ്റും അഞ്ചൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.