kollam-beach
തിരുവേണദിവസം കൊല്ലം ബീച്ചിലെ തിരക്ക്

കൊല്ലം: ഓണനിലാവിനൊപ്പം കൊല്ലത്തിന്റെ ഒരുമയും സ്നേഹവുമാണ് ഇന്നലെ വൈകുന്നേരം ആശ്രാമം മൈതാനിയിലും കൊല്ലം ബീച്ചിലും ഉദിച്ചത്. കുടുംബത്തിനൊപ്പം വൈകുന്നേരം ചെലവിടാൻ നഗരത്തിലെത്തിയത് ആയിരങ്ങളായിരുന്നു. ബീച്ചിലെ പഞ്ചാര മണലിലിരുന്ന് പിന്നിടുന്ന ഒരു ഓണക്കാലത്തിന്റെ സ്നേഹഭാഷണങ്ങൾ അവർ പറഞ്ഞ് തീർത്തു. ഓണനിലാവ് പെയ്‌തിറങ്ങി ഏറെ കഴിഞ്ഞിട്ടും പഞ്ചാര മണലിലെ തിരക്കൊഴിഞ്ഞില്ല.

ആശ്രാമം മൈതാനത്തെ മേളകളായിരുന്നു മറ്റൊരു പ്രധാന കേന്ദ്രം. കൊല്ലം പൂരത്തോളം തിരക്കായിരുന്നു ഇന്നലെ ആശ്രാമത്തും വഴികളിലും. മേളകളിൽ കയറിയിറങ്ങി, സർക്കസ് കണ്ട്, കപ്പലണ്ടി കൊറിച്ച്, പാർക്കിൽ കയറി അവർ ഓണത്തെ കണ്ടും കേട്ടും അറിഞ്ഞും നടന്നു.

അഷ്‌ടമുടി കായലോരത്തെ അഡ്വഞ്ചർ പാർക്കിലും കുട്ടികളുടെ പാർക്കിലും അവധിക്കാലത്തെ ആഘോഷമാക്കിയ കുട്ടികളുടെ ഉത്സവമായിരുന്നു. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ കൊല്ലം ബീച്ചിൽ ഉൾപ്പെടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വേദികളിലും കാഴ്ചക്കാരുടെ ശ്രദ്ധേയമായ പങ്കാളിത്തമുണ്ടായിരുന്നു. വിനോദ കേന്ദ്രങ്ങൾ കഴിഞ്ഞാൽ വസ്ത്ര വിപണിയിലായിരുന്നു ഇന്നലെ കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്.

ജനങ്ങളുടെ വൻതിരക്ക് കണക്കിലെടുത്ത് കൂടുതൽ പൊലീസിനെയും നഗര വഴികളിൽ വിന്യസിച്ചിരുന്നു. സർക്കാർ ഓഫീസുകളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനി തിങ്കളാഴ്‌ചയിലേ തുറക്കൂ എന്നതിനാൽ സംസ്ഥാനത്തിന് പുറത്തെ വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര പോയവരും നിരവധിയാണ്.