kunnathur
ക്ലീൻ പള്ളിക്കലാർ ചലഞ്ച് എന്ന പദ്ധതിയുടെ ഭാഗമായി പൊതു പ്രവർത്തകനായ ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിൽ പാലത്തുംകടവ് പാലത്തിന് സമീപം നടത്തിയ ശുചീകരണ പ്രവർത്തനം

കുന്നത്തൂർ: പായലും മാലിന്യവും മൂടി നശിച്ചുകൊണ്ടിരിക്കുന്ന പള്ളിക്കലാറിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം മാതൃകയായി. 'ക്ലീൻ പള്ളിക്കലാർ ചലഞ്ച്' എന്ന പദ്ധതിയുടെ ഭാഗമായാണ് പള്ളിക്കലാറ്റിൽ ശുചീകരണം നടന്നത്. തിരുവോണനാളിൽ തുടക്കം കുറിച്ച ശുചീകരണ പ്രവർത്തനത്തിലൂടെ പള്ളിക്കലാറിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് കൂട്ടായ്മ നടത്തുന്നത്. പോരുവഴി ഇടയ്ക്കാട് പാലത്തുംകടവ് പാലത്തിന് സമീപം മാലിന്യം നിറഞ്ഞ ഭാഗമാണ് തുടക്കത്തിൽ ശുചീകരിച്ചത്. ഇവിടെ നിന്നും ചാക്കുകണക്കിന് പായലും കളകളും പ്ലാസ്റ്റിക് കുപ്പികളും നീക്കം ചെയ്തു. രാത്രിയിൽ തൊടിയൂർ, പാലത്തുംകടവ് പാലങ്ങളിൽ നിന്ന് ജൈവ-അജൈവ മാലിന്യങ്ങളും അറവ് അവശിഷ്ടങ്ങളും സെപ്ടിക് ടാങ്ക് മാലിന്യവുംതള്ളുന്നത് പള്ളിക്കലാറ്റിലേക്കാണ്. കഴിഞ്ഞ പ്രളയത്തിലും വൻതോതിൽ മാലിന്യം അടിഞ്ഞു കൂടിയിരുന്നു. മുൻപ് പള്ളിക്കലാറിന്റെ പ്രതാപം വീണ്ടെടുക്കാൻ സർക്കാർ തലത്തിൽ പദ്ധതികൾ ആവിഷ്ക്കരിച്ചെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊതു പ്രവർത്തകനായ ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിൽ ഇരുപതോളം യുവാക്കൾ ശുചീകരണവുമായി രംഗത്തെത്തിയത്. സ്റ്റാൻലി അലക്സ്, റിയാസ് പറമ്പിൽ, ഷെഫീഖ് മൈനാഗപ്പള്ളി, രതീഷ് ഇടയ്ക്കാട്, പ്രസന്നൻ, ശശിധരൻ, ജോബിൻ, സുധീഷ് മലനട, ആർ. രാജേഷ്, ബിജു തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.