dtpc

 സെപ്തംബർ 15 വരെ തുടരും

കൊല്ലം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നാലാംദിന ഓണാഘോഷ പരിപാടികൾ കാണാൻ വൻ ജനപങ്കാളിത്തം. കഥകളി, മെഗാഷോ, ഗാനമേള എന്നിവയോടെയാണ് നാലാംദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
കൊല്ലം ബീച്ചിൽ തിരുവനന്തപുരം കലാകേരള സംഘം അവതരിപ്പിച്ച മണ്ണും മൈലാഞ്ചിയും ഗാനമേള ആസ്വാദക ശ്രദ്ധ നേടിയപ്പോൾ വേഷപ്പകർച്ചയിലൂടെ വിസ്മയം തീർക്കുകയായിരുന്നു ആശ്രാമം എയിറ്റ് പോയിന്റ് ആർട്ട് കഫേ വേദിയിലെ കഥകളി. ചാത്തന്നൂർ നാരായണപിള്ളയും കൂട്ടരുമാണ് കുചേലവൃത്തം കഥകളി അവതരിപ്പിച്ചത്. ആശ്രാമം ചിൽഡ്രൻസ് പാർക്കിൽ നടന്ന 'ഉഗ്രം ഉജ്ജ്വലം വിസ്മയ കാഴ്ചകൾ' മെഗാഷോയ്ക്കും കാഴ്ചക്കാർ ഏറെയായിരുന്നു. വലിയ ജനപങ്കാളിത്തത്തോട് കൂടിയാണ് ഇത്തവണ ഓണം വാരാഘോഷം നടത്താനായതെന്ന് ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്‌കുമാർ പറഞ്ഞു.

കൊല്ലം ബീച്ച്, ആശ്രാമം ചിൽഡ്രൻസ് പാർക്ക്, എയിറ്റ് പോയിന്റ് ആർട്ട് കഫേ, കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ക്ലബ്, അഞ്ചൽ ഉണർവ് സ്വയംസഹായ സംഘം, പ്രാക്കുളം ഫ്രണ്ട്‌സ് ക്ലബ്, ചാത്തിനാംകുളം പീപ്പിൾസ് ലൈബ്രറി, നീരാവിൽ നവോദയ ഗ്രന്ഥശാല എന്നിവിടങ്ങളിലാണ് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള ഓണം വാരാഘോഷം. സെപ്തംബർ 15 വരെ വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ വാരാഘോഷം തുടരും.