കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ 165-ാം ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ, ശാഖകൾ, ഗുരുക്ഷേത്രങ്ങൾ, ശ്രീനാരായണ പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. കരുനാഗപ്പള്ളി യൂണിയൻ ആസ്ഥാനത്ത് രാവിലെ 8 മണിക്ക് ഗുരുദേവന്റെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. സുശീലൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർ എല്ലയ്യത്ത് ചന്ദ്രൻ, വനിതാ സംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, സ്മിത, ഗീതാ ബാബു, യൂത്ത് മൂവ്മെന്റ് നേതാക്കളായ ടി.ഡി. ശരത്ചന്ദ്രൻ, നീലികുളം സിബു തുടങ്ങിയവർ നേതൃത്വം നൽകി. ഓച്ചിറ ശ്രീനാരായണ മഠത്തിൽ പുലർച്ചെ ഗണപതി ഹോമത്തോടെയാണ് ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ ഭാഗവത പാരായണം, അന്നദാനം, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവയും സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർ എല്ലയ്യത്ത് ചന്ദ്രൻ, പ്രേമൻ എന്നിവർ നേതൃത്വം നൽകി. യൂണിയന്റെ പരിധിയിൽ വരുന്ന 64 ശാഖകളിലും രാവിലെ 8 മണിക്ക് പതാക ഉയർത്തി. തുടർന്ന് ശാഖകൾ കേന്ദ്രീകരിച്ച് ഗുരുദേവ ചിത്രങ്ങൾ വഹിച്ചു കൊണ്ടുള്ള വർണാഭമായ ജയന്തി ഘോഷയാത്ര, പൊതു സമ്മേളനങ്ങൾ, ഭവന സന്ദർശനങ്ങൾ, ഗുരുദേവ ഭാഗവത പാരായണം, അന്നദാനം, ഗുരുദേവ കൃതികളുടെ ആലാപന മത്സരങ്ങൾ തുടങ്ങിയ സംഘടിപ്പിച്ചു.