പരവൂർ: ഗുരുദേവന്റെ ആദർശങ്ങൾ ഏറ്റവും പ്രസക്തിയാർജിക്കുന്ന കാലഘട്ടമാണ് ഇപ്പോഴെന്ന് മന്ത്രി കെ. രാജു പറഞ്ഞു. പരവൂർ എസ്.എൻ.വി സമാജത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.വി ഗേൾസ് ഹൈസ്‌കൂൾ അങ്കണത്തിൽ നടന്ന ചതയദിനാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ സമാജം പ്രസിഡന്റും സ്കൂൾ മാനേജരുമായ ബി. ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ജയന്തിദിന സന്ദേശം നൽകി. മുൻ മന്ത്രി സി.വി. പദ്മരാജൻ മികച്ച വിദ്യാർത്ഥിനിക്കുള്ള തയ്യിൽ രാമൻ ഗോവിന്ദൻ മെമ്മോറിയൽ കാഷ് അവാർഡ് നൽകി. ജി.എസ്. ജയലാൽ എം.എൽ.എ മികച്ച വിദ്യാർത്ഥികളെയും പൂർവ വിദ്യാർത്ഥികളെയും അദ്ധ്യാപക അവാർഡ് ജേതാവിനെയും ചടങ്ങിൽ ആദരിച്ചു. നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് യൂണിഫോം വിതരണം നിർവഹിച്ചു.
പ്രേം ഫാഷൻ ജുവലറി ഉടമ ബി. പ്രേമാനന്ദ് എല്ലാ വിഷയത്തിനും എ പ്ളസ് കരസ്ഥമാക്കിയ സ്കൂളിലെ 27 വിദ്യാർത്ഥിനികൾക്ക് സ്വർണ്ണപതക്കങ്ങൾ വിതരണം ചെയ്തു. മിറക്കിൾ ബ്യൂട്ടിപാർലർ ഉടമ ഗിരിലാൽ സ്കൂളിലെ നിർദ്ധനയായ വിദ്യാർത്ഥിനിക്ക് 5001 രൂപയുടെ കാഷ് അവാർഡ് നൽകി.
നഗരസഭാ വൈസ് ചെയർമാൻ ആർ. ഷീബ,കെ. സേതുമാധവൻ, നെടുങ്ങോലം രഘു, ജയലാൽ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. സമാജം സെക്രട്ടറി കെ. ചിത്രാംഗദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. ശശിധരപണിക്കർ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നഗരംചുറ്റി ചതയദിന ഘോഷയാത്രയും നടന്നു.