c
ലഹരി വേട്ട തുടരുന്നു: മൂന്നാം ഓണത്തിന് 25 കേസുകൾ

കൊല്ലം: എക്സൈസിന്റെ ഓണക്കാല പ്രത്യേക പരിശോധനയായ ഓപ്പറേഷൻ വിശുദ്ധിയിുടെ ഭാഗമായി മൂന്നാം ഓണമായ 12ന് ജില്ലയിൽ രണ്ട് അബ്കാരി കേസുകളും 23 കോട്പാ കേസുകളും രജിസ്റ്റർ ചെയ്തു. 120 ലിറ്റർ കോടയും 5 ലിറ്റർ വിദേശമദ്യവും 11.450 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും പിടിച്ചെടുത്തു.

കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിൽ പ്രിവന്റീവ് ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പടനായർകുളങ്ങര ഭാഗത്ത് നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്ത്. ഇതുമായി ബന്ധപ്പെട്ട് നിസാം എന്നയാളെ കസ്റ്റഡിയിലെടുത്തു. പത്തനാപുരത്ത് പ്രിവന്റീവ് ഓഫീസർ വൈ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാങ്കോട് ഭാഗത്ത് നിന്ന് 120 ലിറ്റർ കോട പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാങ്കോട് സ്വദേശി മദനനെതിരെ കേസെടുത്തു.

കരുനാഗപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പലയിടങ്ങളിൽ നിന്നായി 6.5 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. കോട്പാ കേസുകളിൽ ജില്ലയിൽ 4600 രൂപ പിഴ ഈടാക്കി.
വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ്ബ് ജോണും അസി.എക്സൈസ് കമ്മിഷണർ ജെ. താജുദ്ദീൻകുട്ടിയും അറിയിച്ചു.