vidya-and-yugesh
കൊല്ലപ്പെട്ട വിദ്യയും ഭർത്താവ് യുഗേഷും

കൊല്ലം: ദുബായിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച യുവതിയുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. കൊല്ലം തിരുമുല്ലവാരം പുന്നത്തല 'അനുഗ്രഹ' യിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാചന്ദ്രയാണ് (40) ദുബായിൽ കഴിഞ്ഞ തിങ്കളാഴ്‌ച കൊല്ലപ്പെട്ടത്. വിദ്യയുടെ മൃതദേഹം ദുബായിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയും ശനിയും ദുബായിലെ സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാൽ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായിട്ടില്ല. നാളെ നടപടികൾ പൂർത്തിയാക്കി നാളെ മൃതദേഹം നാട്ടിലെത്താക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

16 വർഷം മുമ്പ് വിവാഹിതരായ വിദ്യയും ഭർത്താവ് യുഗേഷും തമ്മിൽ വളരെക്കാലമായി സ്വരച്ചേർച്ചയിലല്ല. ഒരുമിച്ച് താമസിക്കാൻ കഴിയാത്തതിനാൽ വിദ്യ കൊല്ലത്തെ കുടുംബ വീട്ടിലേക്ക് താമസം മാറി. ഒരുവർഷം മുമ്പാണ് വിദ്യ ജോലിതേടി അൽഖൂസിലെത്തിയത്. ഇവിടെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു ജോലി. തിങ്കളാഴ്ച രാവിലെ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തിയ യുഗേഷ് സംസാരിക്കണമെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചുകൊണ്ടു പോയാണ് കൊല നടത്തിയത്. വിദ്യയുടെ മൂത്ത മകൾ കൊല്ലത്ത് പ്ളസ് വണ്ണിനും ഇളയ മകൾ ഒന്നാം ക്ളാസിലും പഠിക്കുകയാണ്. വിദ്യയുടെ മാതാപിതാക്കൾക്കൊപ്പമാണിപ്പോൾ കുട്ടികൾ. സഹോദരൻ: വിനയൻ

സംഭവം ഇങ്ങനെ...

ദുബായ് അൽഖൂസിൽ വിദ്യ ജോലിചെയ്യുന്ന കമ്പനി വക പാർക്കിംഗ് സ്ഥലത്തുവച്ചായിരുന്നു കൊലപാതകം. ഓണം ആഘോഷിക്കാൻ വിദ്യ ചൊവ്വാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് തലേദിവസം ദാരുണമായ സംഭവം ഉണ്ടായത്. സന്ദർശക വിസയിൽ അബുദാബിയിലെത്തിയശേഷം അവിടെനിന്ന് രഹസ്യമായാണ് യുഗേഷ് അൽഖൂസിലെത്തിയത്. കൃത്യം ചെയ്യാൻ മുൻകൂട്ടി നിശ്ചയിച്ചതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് യുഗേഷ് എത്തിയതെന്ന് ദുബായ് പൊലീസ് പറയുന്നു. കൊലപാതകശേഷം കടന്നുകളഞ്ഞ യുഗേഷ് മണിക്കൂറുകൾക്കകം പിടിയിലായി. ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിദ്യ മരിച്ചുകിടക്കുന്നത് കണ്ട ഒരാളാണ് പൊലീസിൽ വിവരം അറിയിച്ചത്.