കൊല്ലം: ആയിരം സൂര്യന്മാർ ഒരുമിച്ച് ജ്വലിച്ച പ്രഭയോടെ മെല്ലെ നീങ്ങിയ ഗുരുദേവ വിഗ്രഹം, പിന്നാലെ പീത പരാതകകളേന്തി ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട് ആയിരങ്ങൾ. 165-ാമത് ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ആഭിമുഖ്യത്തിൽ നടന്ന ചതയദിനഘോഷയാത്ര നഗരത്തിന് സമ്മാനിച്ചത് ഗുരുഭക്തിയുടെ അസുലഭ മുഹൂർത്തങ്ങൾ.
ശങ്കേഴ്സ് ആശുപത്രിക്ക് മുന്നിൽ നിന്നാണ് നഗരത്തെ ഇളക്കിമറിച്ച ചതയദിനഘോഷയാത്ര ആരംഭിച്ചത്. പാതവക്കിൽ കണ്ണിമ ചിമ്മാതെ കാത്തുനിന്ന നൂറ് കണക്കിന് പേരുടെ കാതിലേക്ക് ഘോഷയാത്രയുടെ വരവറിയിച്ച് കൊണ്ട് കുളിർമഴ പോലെ നാഗസ്വരം ഒഴുകിയെത്തി. തൊട്ടുപിന്നാലെ കോരിത്തരിപ്പിക്കുന്ന പ്രകടനവുമായി പൂക്കാവടിയും തെയ്യവും. നാഗസ്വരം കാതിൽ നിന്നും അകന്നപ്പോൾ കാതടപ്പിക്കുന്ന പാണ്ടിമേളത്തിന്റെ അകമ്പടിയിൽ സ്വർണവർണത്തിലുള്ള നെറ്റിപ്പട്ടമണിഞ്ഞ് രണ്ട് കരിവീരന്മാർ.
ഗജരാജക്കന്മാർ നടന്നകന്നപ്പോൾ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ പ്രത്യേകം അലങ്കരിച്ച വാഹനത്തിൽ കടന്നുപോയി. അതിന് പിന്നാലെ മഹാജയന്തി ഘോഷയാത്രയുടെ ബാനറിന് പിന്നിൽ യോഗത്തിന്റെ മറ്റ് ഭാരവാഹികൾ അണിനിരന്നു. പിന്നെ ചെണ്ടമേളം, ശിങ്കാരിമേളം, പൊയ്ക്കാലുകൾ, മയിലാട്ടം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങിയ കലാരൂപങ്ങൾ.
കൊല്ലം എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ, കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും വർണശബളമായ വസ്ത്രങ്ങൾ ധരിച്ച് മുത്തുക്കുടകളേന്തി നടന്നു നീങ്ങി. എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിലെയും എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച പുരാണ കഥാപാത്രങ്ങളുടെ പ്രച്ഛന്ന വേഷങ്ങൾ ഘോഷയാത്രയ്ക്ക് മിഴിവേകി. തൊട്ടുപിന്നാലെ കൊല്ലം യൂണിയന് കീഴിലെ 75 ശാഖകളിലെയും പ്രവർത്തകർ കേരളീയ വേഷങ്ങൾ ധരിച്ച് ഘോഷയാത്രയുടെ ഭാഗമായി.
ഇടയ്ക്ക് പെയ്ത ചാറ്റൽ മഴ ഗുരുദേവന്റെ അനുഗ്രഹവർഷമായി ശ്രീനാരായണീയർ ഏറ്റുവാങ്ങി. ആയിരങ്ങളാണ് പാതയുടെ ഇരുവക്കുകളിലുമായി ഘോഷയാത്ര വീക്ഷിക്കാൻ കാത്തുനിന്നത്.