photo
ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ശ്രീ വിനായകൻ.

കരുനാഗപ്പള്ളി: കാണികളെ ആകാംഷയുടെ മുൾമുനയിൽ നിറുത്തിക്കൊണ്ട് കന്നേറ്റിക്കായലിൽ ഇന്നലെ സംഘടിപ്പിച്ച ശ്രീനാരായണ ട്രോഫി ജലോത്സവത്തിൽ കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത് വിനോദ് കേശവപുരം ക്യാപ്ടനായുള്ള ശ്രീ വിനായകൻ ചുണ്ടൻ വള്ളം ശ്രീനാരായണ ട്രോഫിയിൽ മുത്തമിട്ടു. ഫൈസൽ ബഷീർ ക്യാപ്ടനായുള്ള ജവഹർ തായങ്കരിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജവഹർ തായങ്കരിക്ക് പത്രാധിപർ കെ. സുകുമാരൻ ട്രോഫി നൽകി. അറയ്ക്കൽ മുനീർ ക്യാപ്ടനായുള്ള സെന്റ് പയസ് ടെന്റ് ചുണ്ടൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ അനീഷ് പൂവണ്ണം ക്യാപ്ടനായുള്ള മഹാദേവൻ ഒന്നാം സ്ഥാനവും കരുമ്പാലിൽ ദേവനാരായണൻ ക്യാപ്ടനായുള്ള ശ്രീ ഗണേശ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തറവള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ പ്രവീൺ ക്യാപ്ടനായുള്ള കാട്ടിൽതെക്ക ഒന്നാം സ്ഥാനവും ശിവൻകുട്ടി ക്യാപ്ടനായുള്ള സാരഥി രണ്ടാം സ്ഥാനവും അൻസർ ക്യാപ്ടനായുള്ള ദേവസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെട്ടുവള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ ബിജിത്തു ബിജു ക്യാപ്ടനായുള്ള ചെല്ലിക്കാടൻ ഒന്നാം സ്ഥാനവും സുനിൽ ക്യാപ്ടനായുള്ള കമ്പനി രണ്ടാം സ്ഥാനവും ഷിജു ക്യാപ്ടനായുള്ള കാട്ടിൽതെക്ക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫും ബോണസ് എൻ. വിജയൻപിള്ള എം.എൽ.എയും ക്യാഷ് അവാർഡുകൾ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയും വിതരണം ചെയ്തു. വള്ളത്തിന്റെ ക്യാപ്ടൻമാരെയും സ്പോൺസർമാരെയും ആർ. രാമചന്ദ്രൻ എം.എൽ.എ ആദരിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് ശ്രീനാരായണഗുരു പവലിയനിൽ ആരംഭിച്ച പൊതു സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി ജലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് ജനറൽ ക്യാപ്ടൻ സി.ആർ. മഹേഷിന്റെ നേതൃത്വത്തിൽ ജലഘോഷ യാത്ര നടത്തി. ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകൻ തുളസീദാസ് മുഖ്യാതിഥിയായിരുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, മുൻ എം.എൽ.എ സി.കെ. സദാശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സി. രാധാമണി, സൂസൻകോടി, പി.ആർ. വസന്തൻ, അനിൽ എസ്. കല്ലേലിഭാഗം, വലിയത്ത് ഇബ്രാഹിംകുട്ടി, കെ.സി. രാജൻ, അഡ്വ. യൂസഫ് കുഞ്ഞ്, എ. വിജയൻ, മുനമ്പത്ത് വഹാബ്, വാത്സല്യം മോഹനൻ, കമറുദ്ദീൻ മുസലിയാർ, കാട്ടൂർ ബഷീർ, അഡ്വ. ബി. ഗോപൻ, ഷംസുദ്ദീൻ മുസലിയാർ, മുനീർ വേലിയിൽ നിജാംബഷി, പി. സന്തോഷ് കുമാർ, ആർ. രവീന്ദ്രൻപിള്ള, പി. ശിവരാജൻ, പനക്കുളങ്ങര സുരേഷ്, എം. മഞ്ചു, എം.കെ. വിജയഭാനു, സി. വിജയൻപിള്ള, തമ്പാൻ വളാലിൽ, ബി. മോഹൻദാസ്, ടി. അജിതകുമാരി, അഡ്വ. വി.ആർ. പ്രമോദ്, ജലോത്സവ കമ്മിറ്റി ചീഫ് കോ ഓർഡിനേറ്റർ എസ്. പ്രവീൺകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ ചെയർപേഴ്സണും ജലോത്സവ കമ്മിറ്റി ജനറൽ കൺവീനറുമായ എം. ശോഭന സ്വാഗതവും ഡിവിഷൻ കൗൺസിലർ ശാലിനി രാജീവൻ നന്ദിയും പറഞ്ഞു.