fg
പനമ്പറ്റ മഞ്ഞക്കാല വഴിയുള്ള ബസ് സർവീസിന്റെ ഫ്ലാഗ് ഒാഫ് ഗണേശ് കുമാർ എം.എൽ.എ നിർവഹിക്കുന്നു

യാഥാർത്ഥ്യമായത് ഏറെ നാളത്തെ ആവശ്യം

പത്തനാപുരം ; യാത്രാ ദുരിതം നേരിടുന്ന മഞ്ഞക്കാല നിവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പനമ്പറ്റ മഞ്ഞക്കാല വഴിയുള്ള ബസ് സർവീസിന് കെ.എസ്.ആർ.ടി.സിയുടെ അനുമതി ലഭിച്ചു. രാവിലെയും വൈകിട്ടുമായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

മഞ്ഞക്കാല റെജി സ്മാരക പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ കെ.ബി ഗണേശ് കുമാർ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തലവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. റെജി സ്മാരക ലൈബ്രറി ഭാരവാഹികളായ ഡി.പി. ശ്രീകുമാർ, അർ. രാധാക്യഷ്ണൻ, എസ്. ശശിധരൻ പിള്ള, അനീഷ് രാജ്, സി. വിജയൻ പിള്ള, ഗിരീഷ് കുമാർ, ഡി. മാത്യൂസ്, പത്തനാപുരം എ.ടി.ഒ തോമസ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗണേശ് കുമാർ ബസിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്തു. വർഷങ്ങൾക്ക് ശേഷമുള്ള ബസിലെ യാത്രാ അനുഭവവും അദ്ധേഹം പങ്കുവെച്ചു.

യാത്രാദുരിതം അവസാനിക്കും

കെ.ബി ഗണേശ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് ഒന്നരവർഷമായുള്ള ഗ്രാമവാസികളുടെ ആവശ്യം യാഥാർത്ഥ്യമായത്. നിലവിൽ പത്തനാപുരം ​ - കൊട്ടാരക്കര മിനി ഹൈവേയിലൂടെ പതിനഞ്ച് മിനിറ്റിന്റെ ഇടവേളയിൽ ബസ് സർവീസുണ്ടെങ്കിലും പറങ്കിമാംമുകൾ മഞ്ഞക്കാല പനമ്പറ്റ വഴിയുള്ള സർവീസ് നിറുത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. വിദ്യാർത്ഥികളടക്കം കിലോമീറ്ററുകളോളം നടന്നാണ് സ്‌കൂളുകളിൽ എത്തിയിരുന്നത്. ബസ് സർവീസ് ആരംഭിക്കുന്നതോടെ യാത്രാദുരിതം അവസാനിക്കുമെന്നാണ് പ്രതീക്ഷ.