photo
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ജി. ജയദേവൻ, ബി.ബി. ഗോപകുമാർ എന്നിവർ സമീപം

കുണ്ടറ: മനുഷ്യനെ മനുഷ്യനായി അംഗീകരിക്കുന്ന ആചാര അനുഷ്ഠാനങ്ങളാണ് വേണ്ടതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെറ്റായ പ്രവണതയ്ക്കെതിരെ കൂട്ടായി നിൽക്കുമ്പോഴാണ് നവോത്ഥാനം യാഥാർത്ഥ്യമാകുന്നത്. ഗുരുദർശനങ്ങളുടെ അർത്ഥം ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോൾ മനുഷ്യന് മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സമ്മേളനത്തിൽ എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പ്രമുഖ വ്യക്തികളെയും മന്ത്രി ആദരിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി കാവേരി ജി. രാമചന്ദ്രൻ അവാർഡ് വിതരണം നിർവഹിച്ചു.

മുൻ യൂണിയൻ സെക്രട്ടറിമാരായ കെ. നകുലരാജൻ, സുധാകര പണിക്കർ, കാവിള എം. അനിൽകുമാർ, മുൻ വൈസ് പ്രസിഡന്റ് എം. വിശ്വംഭരൻ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ആർ.എസ്. ലീനാ റാണി, സെക്രട്ടറി ശ്യാമളാ ഫാസി, യൂത്ത് മൂവ്മെന്റ് ചെയർമാൻ എം.ആർ. ഷാജി, കൺവീനർ അഡ്വ. നീരാവിൽ എസ്. അനിൽകുമാർ, സൈബർസേന ചെയർമാൻ അഖിൽ, കൺവീനർ എൽ. അനിൽകുമാർ, കുമാരിസംഘം പ്രസിഡന്റ് ലാവണ്യ, സെക്രട്ടറി അതുല്യ എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ സ്വാഗതം പറഞ്ഞു.