കരുനാഗപ്പള്ളി: കുലശേഖരപുരം കുഴിവേലിമുക്കിന് സമീപം അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ.ആദിനാട് വടക്ക് വെളുത്തേരിൽ ഷെഹിൻഷാ (26) സഹോദരൻ അലി അഷ്‌കർ(21) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. കുഴിവേലിമുക്കിന് സമീപം ലാലി ഭവനിൽ സുജിത്താണ് ഉത്രാടദിവസം രാത്രി 10 മണിയോടെ കൊല്ലപ്പെട്ടത്.
പ്രതികളുടെ മാതാവും അയൽവാസിയായ മത്സ്യവ്യാപാരി സരസനും തമ്മിൽ പടക്കം പൊട്ടിക്കുന്നതിനെ സംബന്ധിച്ച് വാക്കുതർക്കമുണ്ടായിരുന്നു.
ഇതിനിടെ വീട്ടിലായിരുന്ന സുജിത്തിനെ സരസന്റെ മകൻ പ്രശ്നം ഒത്തുതീർക്കുന്നതിന് സംഭവ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയും അലി അഷ്ക്കർ സുജിത്തിനെ ഇറച്ചിക്കത്തികൊണ്ട് കുത്തി വീഴ്ത്തുകയുമായിരുന്നു. സൈക്കിളിന്റെ ഫ്രീവീലുപയോഗിച്ചും പ്രതികൾ സുജിത്തിനെ ആക്രമിച്ചു. രക്തത്തിൽ കുളിച്ചുകിടന്ന സുജിത്തിനെ നാട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആക്രമണത്തിന് ഉപയോഗിച്ച കത്തിയും സൈക്കിളിന്റെ ഫ്രീവീലും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്ന് ഇന്നലെ പൊലീസ് കണ്ടെടുത്തു.
കേസിലെ ഒന്നാം പ്രതി അലി അഷ്‌കർ കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വർഷ ഡ്രഗ്രി വിദ്യാർത്ഥിയും കാമ്പസ് ഫ്രണ്ട് പ്രവർത്തകനുമാണ്.
പ്രതികളെ കൂടുതൽ അന്വേഷണത്തിനായി വിട്ടുകിട്ടുന്നതിന് കോടതിയെ സമീപിക്കുമെന്ന് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി പറഞ്ഞു.ചിത്രയാണ് സുജിത്തിന്റെ ഭാര്യ. മക്കൾ: അനഘ, വൈഗ