ചാത്തന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തി ദിനാഘോഷത്തിന് മാറ്റുകൂട്ടി പീതപതാകകളേന്തിയ ഗുരുദേവ ഭക്തർ നാടെങ്ങും അണിനിരന്നു. യൂണിയനുകളുടെയും ശാഖകളുടെയും ആഭിമുഖ്യത്തിൽ നടന്ന ജയന്തിദിന ഘോഷയാത്രകൾ വിശ്വഗുരുവിന്റെ മാഹാത്മ്യം വിളിച്ചോതി നാടിനെയാകെ ഭക്തിമയമാക്കി മാറ്റി.
ചാത്തന്നൂർ യൂണിയനിൽ
എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ മെമ്മോറിയൽ ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ കാരംകോട് ഗുരുമന്ദിര അങ്കണത്തിൽ നിന്ന് യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗുരുദേവ ജയന്തി ഘോഷയാത്ര ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. മുൻനിരയിൽ യൂണിയൻ ഭാരവാഹികൾ, കൗൺസിൽ അംഗങ്ങൾ, യോഗം ബോർഡ് അംഗങ്ങൾ,
ട്രസ്റ്റ് അംഗങ്ങൾ തുടങ്ങിയവരും ഘോഷയാത്രയ്ക്ക് നേതൃത്വം വഹിച്ചപ്പോൾ പിന്നിലായി എസ്.എൻ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളായ ചാത്തന്നൂർ എസ്.എൻ കോളേജ്, ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, കൊട്ടിയം എസ്.എൻ പോളിടെക്നിക്, കൊട്ടിയം എസ്.എൻ ഐ.ടി.സി എന്നിവിടങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അണിനിരന്നു. യൂണിയന് കീഴിലെ വിവിധ ശാഖകളുടെ ബാനറിന് പിന്നിൽ ശാഖാ ഭാരവാഹികൾ, ബാലജനയോഗം, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം പ്രവർത്തകരും അണിനിരന്നു. ചെണ്ടമേളം, വാദ്യഘോഷങ്ങൾ, തെയ്യം, നിശ്ചലദൃശ്യങ്ങൾ എന്നിവയ്ക്ക് പുറമെ ഗുരുദേവ സൂക്തങ്ങൾ ആലപിച്ച് നീങ്ങിയ ഗായകസംഘം ഘോഷയാത്രയെ ഭക്തി സാന്ദ്രമാക്കി.
ഘോഷയാത്രയെ തുടർന്ന് ചാത്തന്നൂർ ജംഗ്ഷനിലെ അലങ്കരിച്ച വേദിയിൽ നടന്ന ജയന്തി സമ്മേളനം ഊർജ്ജ - ജല വിഭവ സെക്രട്ടറി ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു. പ്രതിഭാസംഗമം ഉദ്ഘാടനവും അവാർഡ് വിതരണവും ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ ഗ്രേഡ് പ്രൊഫസർ ഡോ. കെ. ജയകുമാർ നിർവഹിച്ചു.
യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡി. സജീവ്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ബി. സജൻ ലാൽ, തഴുത്തല രാജു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഡ്വ. ജി. രാജേഷ്, സെക്രട്ടറി കെ. സുജയ്‌കുമാർ, യൂണിയൻ വനിതാസംഘം പ്രസിഡന്റ് ശോഭനാ ശിവാനന്ദൻ, സെക്രട്ടറി ബീനാ പ്രശാന്ത്, ഡോ. സി.എസ്. സുഭാഷ്‌ചന്ദ്രൻ, വി. ശ്രീദേവി, വി. അജിത്,
എസ്. കനകജ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും അസി. സെക്രട്ടറി കെ. നടരാജൻ നന്ദിയും പറഞ്ഞു.