കൊല്ലം: സാമൂഹ്യ, സാമ്പത്തിക നീതികളുടെ പ്രത്യയശാസ്ത്രകാരനാണ് ശ്രീനാരായണ ഗുരുദേവനെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും എസ്.എൻ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന ചതയദിനാഘോഷങ്ങളുടെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമകാലിക സംഭവങ്ങളുമായി ചേർത്തുവയ്ക്കുമ്പോൾ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി വർദ്ധിക്കുകയാണ്. തൊഴിൽരഹിതമായ സാമ്പത്തിക വളർച്ച ഗുണകരമല്ലെന്ന് ഗുരുദേവൻ പതിറ്റാണ്ടുകൾക്ക് മുമ്പേ പറഞ്ഞിരുന്നു. ഗുരുവിന്റെ ഈ വാക്കുകൾക്ക് ഭാരതത്തിലെ ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രസക്തിയുണ്ട്. ഭിക്ഷ കൊടുക്കുന്നതിന് പകരം തൊഴിൽ നൽകണമെന്നാണ് ഗുരു പറഞ്ഞത്. ഈ ഭൗതികദർശനം പ്രാവർത്തികമാക്കാനുള്ള മാദ്ധ്യമമായി ഗുരു ആത്മീയതയെ ഉപയോഗിച്ചു. ഗുരുദേവൻ നടത്തിയ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠ നിശബ്ദമായ സാമൂഹ്യ വിപ്ലവമായിരുന്നു. ഭ്രാന്താലമായിരുന്ന കേരളത്തെ ഇന്ന് കാണുന്ന തരത്തിലേക്ക് മാറ്റിയ നവോത്ഥാന മുന്നേറ്റത്തിന് നാന്ദി കുറിച്ചത് ഈ ശിവപ്രതിഷ്ഠയാണ്.
മറ്റ് വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അസഹിഷ്ണുതയോടെ കാണുന്ന ഇക്കാലത്ത് വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന ഗുരുവചനത്തിന് ഏറെ പ്രസക്തിയുണ്ട്. മറ്റ് വിശ്വാസങ്ങളെയും അംഗീകരിക്കുന്ന വിശാലമായ ജനാധിപത്യ മാതൃകയുടെ ഉടമയായിരുന്നു ഗുരുദേവൻ. എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ ചരിത്രം പരിശോധിച്ചാൽ ഗുരുദേവ ദർശനങ്ങളുടെ സ്വാധീനം കാണാൻ കഴിയും. മതാതീത ആത്മീയദർശനം എന്ന തത്വം ആദ്യം മുന്നോട്ടുവച്ച ആത്മീയ ആചാര്യനാണ് ഗുരുദേവനെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി സി.വി. പത്മരാജൻ, എം. മുകേഷ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, യോഗം കൗൺസിലർ പി. സുന്ദരൻ, വരിഞ്ഞവിള ഓർത്തഡോക്സ് പള്ളി വികാരി ഫാ. കോശി ജോർജ്ജ് വരിഞ്ഞവിള, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, അഡ്വ. ധർമ്മരാജൻ, കൗൺസിലർമാരായ ബി. വിജയകുമാർ, ബി. പ്രതാപൻ, ജി.ഡി. രാഖേഷ്, നേതാജി ബി. രാജേന്ദ്രൻ, ഷാജി ദിവാകർ, സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ധർമ്മരാജൻ, രാജ്മോഹൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേഷ്, ആർ.ഡി.സി കൺവീനർ മഹിമ അശോകൻ, ഷീലാ നളിനാക്ഷൻ, എസ്. സുലേഖ, കുമാരി രാജേന്ദ്രൻ, രജിത രാജേന്ദ്രൻ, രഞ്ജിത്ത് രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഘോഷയാത്രയിൽ അണിനിരന്ന മികച്ച ഫ്ലോട്ട്, അലങ്കരിച്ച വാഹനം, മികച്ച പങ്കാളിത്തം എന്നിവയ്ക്ക് പുറമേ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി എസ്.എൻ ട്രസ്റ്റിന്റെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.