കൊല്ലം: യാത്ര കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ആദിച്ചനല്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ വികാരി ഫാ. കോശി ജോർജ്ജ് വരിഞ്ഞവിള ഗുരുദേവ മന്ത്രങ്ങൾ ഉരുവിട്ട് നീങ്ങുന്ന മഹാജയന്തി ഘോഷയാത്ര കാണുന്നത്. ഉടൻ തന്നെ കാറിൽ നിന്നുമിറങ്ങി ഘോഷയാത്രയുടെ മുൻനിരയിൽ അണിനിരന്നു. എസ്.എൻ കോളേജിൽ നടന്ന ജയന്തി സമ്മേളനത്തിലും പങ്കെടുത്ത് സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ക്രൈസ്തവ പുരോഹിതനാണെങ്കിലും ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ ദർശനത്തിന്റെ പ്രചാരകനാണ് ഫാ. കോശി ജോർജ്ജ് വരിഞ്ഞവിള. വരിഞ്ഞവിള ദേവാലയത്തിൽ പുത്തൂരിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്രികർക്ക് പതിവായി വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കി നൽകാറുണ്ട്.