oachira-temple

 മന്ത്രി ഇ. ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും

കൊല്ലം: ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ 33 നിർദ്ധന യുവതികളുടെ വിവാഹം ഇന്ന് നടക്കുമെന്ന് ഭരണസമിതി പ്രസിഡന്റ് പ്രൊഫ.എ. ശ്രീധരൻപിള്ള, സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നദാന മന്ദിരത്തിന് മുൻവശം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് ചടങ്ങുകൾ.

കഴിഞ്ഞ വർഷം 32 വിവാഹങ്ങൾ ക്ഷേത്ര ഭരണസമിതി നടത്തിയിരുന്നു. ഇത്തവണ 52 വിവാഹങ്ങൾ നടത്താനാണ് ലക്ഷ്യമിട്ടതെങ്കിലും 42 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് ന്യൂനതകൾ കണ്ടെത്തിയവ ഒഴിവാക്കിയാണ് 33 എണ്ണം തിരഞ്ഞെടുത്തത്. വധൂവരൻമാരുടെ കുടുംബാംഗങ്ങൾ പരസ്‌പരം സമ്മതിച്ചുറപ്പിച്ച വിവാഹങ്ങളാണ് ക്ഷേത്രഭരണ സമിതി നടത്തുന്നത്. 1.10 കോടി രൂപയാണ് വിവാഹത്തിന് ബഡ്ജറ്റ് വിഹിതമായി മാറ്റി വച്ചത്.

വിവാഹത്തിന് അനുബന്ധമായി രാവിലെ 9 ന് നടക്കുന്ന സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. താലി കൈമാറ്റം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിവാഹ ധനസഹായ വിതരണം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയും വരണമാല്യം കൈമാറ്റം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും നിർവഹിക്കും. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. സോമപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.

ക്ഷേത്രത്തിൽ അഭയം തേടിയ നിരാലംബർക്കായി ആധുനിക സൗകര്യങ്ങളോട് കൂടിയ അഗതി മന്ദിരം നിർമ്മിക്കാനുള്ള ശ്രമം നടത്തുകയാണ്. കുറഞ്ഞ വിലയിൽ ജീവൻ രക്ഷാ മരുന്നുകൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ ലാഭ നഷ്‌ട രഹിത മെഡിക്കൽ സ്റ്റോർ ആരംഭിക്കും. വാർത്താ സമ്മേളനത്തിൽ ഖജാൻജി എം.ആർ. ബിമൽ ഡാനി, കാര്യ നിർവഹണ സമിതിയംഗം കെ. ജയമോഹൻ, കെ. ജ്യോതികുമാർ എന്നിവരും പങ്കെടുത്തു.

 വധുവിന്റെ പേരിൽ രണ്ട് ലക്ഷം രൂപ

വധുവിന്റെ പേരിൽ രണ്ട് ലക്ഷം രൂപയും ഒരു ഗ്രാം താലിയും വധൂവരൻമാർക്ക് വിവാഹ വസ്ത്രവും ക്ഷേത്ര ഭരണസമിതി നൽകും. വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന 10000 പേർക്കായി സദ്യയും ഒരുക്കിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 12 നും 12.20 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് വിവാഹ ചടങ്ങുകൾ.