foot-over-bridge
ചെമ്മാൻമുക്കിൽ നിർമ്മാണം പുരോഗമിക്കുന്ന നടപ്പാലം

 ചെമ്മാൻമുക്ക്, ഹൈസ്‌കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് നടപ്പാലങ്ങൾ

കൊല്ലം: കാൽനട യാത്രികർ റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുന്ന കൊല്ലം നഗരത്തിൽ രണ്ട് നടപ്പാലങ്ങളുടെ നിർമ്മാണം അടുത്ത മാസത്തോടെ പൂർത്തീകരിക്കാൻ നഗരസഭ ഇടപെടുന്നു. ചെമ്മാൻമുക്കിലെയും ഹൈസ്‌കൂൾ ജംഗ്ഷനിലെയും നടപ്പാലങ്ങളുടെ നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നുവെന്ന ആരോപണങ്ങളെ തുടർന്നാണ് നിർമ്മാണം വേഗത്തിലാക്കാനുള്ള ഇടപെടലുണ്ടായത്. നിർമ്മാണ കരാർ ഏറ്റെടുത്തവരുടെ യോഗം വിളിച്ച് നടപ്പാലങ്ങൾ അടുത്ത മാസം അവസാനത്തോടെ പൂർത്തീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകും.

 അമൃത് പദ്ധതി പ്രകാരം

വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങൾ റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുന്ന കേന്ദ്രങ്ങളിൽ അമൃത് പദ്ധതിയുടെ (അടൽ മിഷൻ ഫോർ റജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ) സഹായത്തോടെയാണ് നടപ്പാലങ്ങൾ നിർമ്മിക്കാൻ നഗരസഭ തീരുമാനിച്ചത്.

ഒരു കോടിയിലേറെ രൂപയാണ് രണ്ട് നടപ്പാലങ്ങൾക്കുമായി ചിലവ്. ഇതിന്റെ 40 ശതമാനം അമൃത് പദ്ധതിയിൽ നിന്നും 20 ശതമാനം സംസ്ഥാന സർക്കാരിൽ നിന്നും 40 ശതമാനം നഗരസഭയുടെ തനത് ഫണ്ടിൽ നിന്നുമാണ് ചിലവിടുന്നത്.

 ബുദ്ധിമുട്ടൊഴിയും

വിദ്യാർത്ഥികൾ കൂട്ടത്തോടെ റോഡ് മുറിച്ച് കടക്കുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനൊപ്പം വാഹനാപകടങ്ങൾക്കും സാദ്ധ്യത ഏറെയാണ്. ഇത് പരിഗണിച്ചാണ് നടപ്പാലങ്ങൾ വേണമെന്ന ധാരണയിൽ നഗരസഭയെത്തിയത്.

ചെമ്മാൻമുക്കിലെ നടപ്പാലം ക്രിസ്‌തുരാജ്, വിമലഹൃദയ സ്‌കൂളുകളിലെയും ഫാത്തിമ മാതാ കോളേജിലെയും മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടും. ഹൈസ്‌കൂൾ ജംഗ്ഷനിൽ വിദ്യാർത്ഥികൾക്കൊപ്പം നൂറുകണക്കിന് പൊതുജനങ്ങൾക്കും നടപ്പാലത്തിന്റെ നേട്ടം ലഭിക്കും. ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്ന മേഖലയാണ് ഹൈസ്‌കൂൾ ജംഗ്ഷൻ. തേവള്ളിയിലെ സ്‌കൂളുകളിലെയും കൊല്ലം ഗേൾസ് ഹൈസ്‌കൂളുകളിലെയും കുട്ടികളുടെ റോഡ് മുറിച്ച് കടക്കുകയെന്ന ദുരിതത്തിന് ഇതോടെ അവസാനമാകും.

 കോളേജ് ജംഗ്ഷനിലും പാർവതി മിൽ ഭാഗത്തും നടപ്പാലമായില്ല

ചെമ്മാൻമുക്കിലെയും ഹൈസ്‌കൂൾ ജംഗ്ഷനിലെയും നടപ്പാലങ്ങൾക്കൊപ്പം കോളേജ് ജംഗ്ഷനിലും പാർവതി മിൽ ജംഗ്ഷനിലും നടപ്പാലങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചെങ്കിലും സ്ഥലമേറ്റെടുപ്പ് വെല്ലുവിളിയായി. കോളേജ് ജംഗ്ഷനിൽ റെയിൽവേയും പാർവതി മില്ലിന്റെ ഭാഗത്ത് മില്ലും സ്ഥലം വിട്ടുനൽകിയെങ്കിൽ മാത്രമേ നിർമ്മാണം ആരംഭിക്കാൻ കഴിയുള്ളൂ. പല തവണ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണമല്ല ഇരുഭാഗത്തു നിന്നുമുണ്ടായത്.

എസ്.എൻ കോളേജ്, എസ്.എൻ വനിതാ കോളേജ്, ശ്രീനാരായണ ഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ്, ബിഷപ്പ് ജെറോം എൻജിനീയറിംഗ് കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, മറ്റ് നിരവധി സമാന്തര കോളേജുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് കുട്ടികളാണ് കോളേജ് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കാനെത്തുന്നത്. സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് പാർവതി മിൽ ഭാഗത്ത് റോഡ് മുറിച്ച് കടക്കാൻ കാത്തുനിൽക്കുന്നത്. പലപ്പോഴും നഗര ഹൃദയമായ ചിന്നക്കടയിലെ ഗതാഗത കുരുക്കിനും ഇത് ഇടയാക്കുന്നുണ്ട്.

 കാൽനട യാത്രികർക്ക് ഇടമില്ല; കൂടുതൽ നടപ്പാലങ്ങൾ വേണം

കാൽനട യാത്രികർക്ക് ഇടമില്ലാത്ത നഗരമായി മാറുകയാണ് കൊല്ലം. നടപ്പാതകളിലെ കൈയേറ്റവും ആവശ്യത്തിന് നടപ്പാതകൾ ഇല്ലാത്തതുമാണ് പ്രധാന കാരണം. ജീവൻ മുറുകെ പിടിച്ചാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ച് കടക്കുന്നത്. രണ്ട് നടപ്പാലങ്ങൾ കൊണ്ട് ഈ ദുരിതം അവസാനിക്കില്ല. ആരോഗ്യകരമായ കാൽനട യാത്രയ്‌ക്ക് കൂടുതൽ നടപ്പാലങ്ങൾ അനിവാര്യമാണ്.

...........................

രണ്ട് നടപ്പാലങ്ങളുടെയും നിർമ്മാണം അടുത്ത മാസം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ശ്രമം. ഇതിനായി ഇടപെടൽ നടത്തുകയാണ് നഗരസഭ

എം.എ. സത്താർ

നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ