road
പോളച്ചിറ ഗുരുകുലം -കുഴുപ്പിൽ ഏലാ റോഡിന് വശങ്ങളിലെ മണ്ണ് ഒലിച്ചുപോയ നിലയിൽ

ചാത്തന്നൂർ: പോളച്ചിറ ഗുരുകുലം ജംഗ്ഷനിൽ നിന്ന് കുഴുപ്പിൽ ഏലായിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായി കൊണ്ടിരിക്കുന്നു. ഗുരുകുലം ജംഗ്ഷനിൽ നിന്ന് കുഴുപ്പിൽ ഭാഗത്തേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കോൺക്രീറ്റ് റോഡിനോട് ചേർന്നെടുത്ത കുഴിയിലെ മണ്ണ്‌ മഴയത്ത് ഒലിച്ചുപോകുന്നത് മൂലമാണ് റോഡ് നശിക്കുന്നത്.

ജലസേചന വകുപ്പിന്റെയും കരാറുകാരന്റെയും അനാസ്ഥയാണ് റോഡ്‌ നശിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുത്തനെ ഇറക്കമുള്ള ഈ പ്രദേശത്ത് കുഴിയെടുത്ത് പൈപ്പ്‌ ലൈൻ സ്ഥാപിച്ച് മണ്ണിട്ട് മൂടുമ്പോൾ പാലിക്കേണ്ട യാതൊരു മുൻകരുതലുകളും പാലിക്കാതെയാണ് കരാറുകാരൻ കുഴിമൂടിയതെന്ന് നാട്ടുകാർ പറയുന്നു.

വർഷകാലമായതോടെ മഴവെള്ളത്തിന്റെ കുത്തൊഴുക്ക് മൂലം പൈപ്പ്‌ലൈനിനായി എടുത്ത കുഴിയിൽ മൂടിയ മണ്ണ് ഒലിച്ചുപോയി. ഇതേതുടർന്ന് ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് കുഴി മണ്ണിട്ട് മൂടിയെങ്കിലും തുടർന്ന് പെയ്യുന്ന മഴമൂലം വീണ്ടും മണ്ണൊലിച്ചുപോയി കോൺക്രീറ്റ് തകർന്ന് റോഡ്‌ പൂർണ്ണമായും നശിക്കുകയാണ്. പൈപ്പ്‌ ലൈൻ ഇടാനായി കുഴിയെടുത്ത ഭാഗങ്ങളിൽ 50 മീറ്റർ ഇടവിട്ട് കോൺക്രീറ്റ് ക്രോസ്ബെൽറ്റ് നിർമ്മിച്ച് റോഡ്‌ സുരക്ഷിതമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.