ചാത്തന്നൂർ: കാരംകോട് ജെ.എസ്.എം ജംഗ്ഷനിൽ നിന്ന് കാരംകോട് കിണറുമുക്ക് ഭാഗത്തേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലുമായി മാലിന്യനിക്ഷേപം രൂക്ഷമാകുന്നതായി പരാതി. മാലിന്യം കുമിഞ്ഞ് കൂടിയതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും വർദ്ധിച്ചിട്ടുണ്ട്.
ഗാർഹിക മാലിന്യവും കോഴിവേസ്റ്റും ഉൾപ്പെടെ പ്ളാസ്റ്റിക് കവറുകളിൽ കെട്ടി ഇവിടെ നിക്ഷേപിക്കുകയാണ്. ഹൈവേയിൽ നിന്ന് ചാത്തന്നൂർ എസ്.എൻ കോളേജ്, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, വിമല സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തിൽ എത്താവുന്ന വഴിയാണിത്. ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മില്ലിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന കിണറും ഈ റോഡിന്റെ സമീപത്താണ്.
മാലിന്യത്തിൽ നിന്നുയരുന്ന ദുർഗന്ധവും തെരുവ് നായ്ക്കളുടെ ശല്യവും മൂലം വിദ്യാർത്ഥികളുൾപ്പെടെ വലയുകയാണ്. നായ്ക്കൾ ഇരുചക്ര വാഹനത്തിന് കുറുകെ ചാടി നിരവധി യാത്രക്കാർക്ക് ഇതിനോടകം പരിക്ക് പറ്റിയിട്ടുണ്ട്. പ്രദേശത്തെ മാലിന്യ നിക്ഷേപം തടയാൻ സി.സി.ടി.വി കാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.