രണ്ട് വള്ളങ്ങൾ കൂടി കവർന്നെങ്കിലും മണ്ണിലുറച്ചതിനാൽ ഉപേക്ഷിച്ചു
നാല് വള്ളങ്ങളിലെ മണ്ണെണ്ണ, പെട്രോൾ ടാങ്കുകളും കവർന്നു
കൊല്ലം: ശക്തികുളങ്ങരയിലെ ഓഷ്യാനിക് കടവിൽ നിന്ന് യന്ത്രവൽകൃത മത്സ്യബന്ധന വള്ളം കവർന്നു. ശക്തികുളങ്ങര പൊയ്‌കയിൽ വീട്ടിൽ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള 'അൽഫോൺസാമ്മ" എന്ന 30 എച്ച്.പി എൻജിൻ ഘടിപ്പിച്ച വള്ളമാണ് വെള്ളിയാഴ്‌ച രാത്രി മോഷണം പോയത്. ഇന്നലെ പുലർച്ചെ നാലിന് മത്സ്യബന്ധനത്തിന് പോകാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്.
സമീപത്തിരുന്ന രണ്ട് വള്ളങ്ങളും കവരാൻ ശ്രമിച്ചിട്ടുണ്ട്. ഇവ വെള്ളത്തിലിറക്കിയെങ്കിലും കടവിനോട് ചേർന്നുള്ള തോട്ടിലെ മണ്ണിലുറച്ചതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. ഇവയിലുൾപ്പടെ നാല് വള്ളങ്ങളിൽ സൂക്ഷിച്ചിരുന്ന 18 ബാരൽ മണ്ണെണ്ണയും പെട്രോളും നഷ്‌ടപ്പെട്ടിട്ടുണ്ട്. കോസ്റ്റൽ പൊലീസും ശക്തികുളങ്ങര പൊലീസും ചേർന്നാണ് പ്രാഥമിക പരിശോധന നടത്തിയത്. ശക്തികുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊലീസിന്റെ നേതൃത്വത്തിൽ സമീപത്തെ തീരങ്ങളിലും കടലിലും പരിശോധന നടത്തിയെങ്കിലും വള്ളം കണ്ടെത്താനായില്ല. മോഷണത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരുടെ പങ്കാളിത്തത്തെക്കുറിച്ചും പരിശോധിക്കുകയാണ്. ഓഷ്യാനിക് കടവിന് കിഴക്ക് ഭാഗത്തെ തോടിനോട് ചേർന്ന് കിടന്ന വള്ളം കവരാൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വലയും വലയിലെ ഈയം പൂശിയ മണികളും പലപ്പോഴും മോഷണം പോയിട്ടുണ്ടെങ്കിലും വള്ളം കവരുന്നത് അപൂർവമാണ്. കടൽമാർഗ്ഗമുള്ള ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മോഷണ ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചേക്കാമെന്ന സംശയം വിവിധ സർക്കാർ ഏജൻസികൾക്കുണ്ട്.
കടലിലും തീരത്തും ജാഗ്രത; പരക്കെ അന്വേഷണം
കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്‌മെന്റ് തുടങ്ങിയവർക്ക് കോസ്റ്റൽ പൊലീസ് വിവരം കൈമാറി. തീരത്തും കടലിലും ഒരേ പോലെ വിവിധ ഏജൻസികൾ വള്ളത്തിനായി തിരച്ചിൽ നടത്തുന്നുണ്ട്. മത്സ്യതൊഴിലാളികളും ജാഗ്രതയിലാണ്. വള്ളങ്ങൾ മത്സ്യബന്ധനം കഴിഞ്ഞ് കടവുകളിൽ കെട്ടിയിടുകയാണ് പതിവ്. എന്നാൽ വള്ളം മോഷണം പോയതോടെ മറ്റ് ഉടമകളും വള്ളങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയിലാണ്.