kollam-port1
കൊല്ലം തുറമുഖം(ഫയൽ ചിത്രം)​

 കൊല്ലം - ലക്ഷദ്വീപ് യാത്രാ കപ്പലിന്റെ ചർച്ചകളും തീരം തൊട്ടില്ല

കൊല്ലം: ക്രിസ്‌തുവിന് മുമ്പേ വൈദേശീയരുമായി വ്യാപാര ബന്ധം നടത്തിയ ചരിത്രമുണ്ടെങ്കിലും ഒരു യാത്രാ കപ്പലിനായുള്ള കൊല്ലം തുറമുഖത്തിന്റെ കാത്തിരിപ്പിന് ഇനിയും അറുതിയില്ല. ആധുനിക സൗകര്യങ്ങളോടെ തുറമുഖം സജ്ജമാക്കിയ ശേഷം യാത്രാ കപ്പലുകൾക്കും സജീവമായ ചരക്ക് നീക്കത്തിനുമായി ചർച്ചകൾ നടന്നെങ്കിലും ഒന്നും നടപ്പായില്ല. കശുഅണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്തിന് ആവശ്യമായ തോട്ടണ്ടി കടൽ മാർഗ്ഗം എത്തിക്കാൻ നടത്തിയ നീക്കങ്ങളും പാളി.

തൂത്തുക്കുടി, കൊച്ചി തുറമുഖങ്ങളെക്കാൾ കുറഞ്ഞ വാടകയിൽ മികച്ച സൗകര്യങ്ങളോടെ കൊല്ലം തുറമുഖം സജ്ജമാണ്. എന്നാൽ ഇപ്പോഴും കൊല്ലത്തേക്കുള്ള ചരക്ക് എത്തുന്നത് കൊച്ചിയിലും തൂത്തുക്കുടിയിലുമാണ്. കൊല്ലത്ത് നിന്ന് ലക്ഷദ്വീപിലേക്ക് യാത്രാ കപ്പൽ എന്ന ആശയത്തിന് പിന്നാലെയും സർക്കാർ തലത്തിൽ ചർച്ചകൾ ഏറെ നടന്നു. അതും നടപ്പായില്ല. കൊല്ലത്ത് നിന്ന് മിനിക്കോയിലേക്ക് 200 നോട്ടിക്കൽ മൈൽ ദൂരമാണ്. എന്നാൽ കൊച്ചിയിൽ നിന്ന് മിനിക്കോയിലെത്താൻ 30 നോട്ടിക്കൽ മൈൽ ദൂരം അധികം താണ്ടണം. യാത്രാ സമയം ലാഭിക്കാൻ കഴിയുമെന്നതാണ് കൊല്ലത്തിന്റെ നേട്ടം. യാത്രാ കപ്പലിന് പിന്നാലെ ചരക്ക് കപ്പൽ സർവീസ് ആലോചിച്ചെങ്കിലും ചർച്ചകളും തീരുമാനങ്ങളും ചുവപ്പ് നാടകളിൽ കുടുങ്ങി.

എമിഗ്രേഷൻ ക്ളിയറൻസും പാളി

അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന കൊല്ലം പോർട്ടിനെ എമിഗ്രേഷൻ എൻട്രി - എക്‌സിറ്റ് പോയിന്റായി അംഗീകരിച്ചുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിദേശികൾക്ക് കൊല്ലം പോർട്ടിൽ വന്നിറങ്ങണമെങ്കിൽ എമിഗ്രേഷൻ ക്ലിയറൻസ് സംവിധാനങ്ങൾ പൂർണ്ണ തോതിൽ എത്തേണ്ടതുണ്ട്. അറ്റകുറ്റപണികൾ ഉൾപ്പെടെ വിവിധ സ്വകാര്യ ആവശ്യങ്ങൾക്കായി മാത്രമാണ് ഇപ്പോൾ കപ്പലുകൾ കൊല്ലം തുറമുഖത്ത് അടുപ്പിക്കുന്നത്. ഇത്തരത്തിലെത്തിയ രണ്ട് കപ്പലുകൾ ഇന്നലെയും തുറമുഖത്ത് ഉണ്ടായിരുന്നു.

 രണ്ട് ബർത്തുകൾ, വിപുലമായ സൗകര്യങ്ങൾ

ആധുനിക സൗകര്യങ്ങളെല്ലാം സജ്ജമാക്കിയ കൊല്ലം പോർട്ടിൽ രണ്ട് ബർത്തുകളാണ് നിലവിലുള്ളത്. അടുത്തിടെ നിർമ്മാണം പൂർത്തിയാക്കിയ പാസഞ്ചർ ബർത്തിന് 100 മീറ്റർ നീളമുണ്ട്. ചരക്ക് കപ്പലുകൾക്ക് അടുപ്പിക്കാൻ നിർമ്മിച്ച ബർത്തിന് 179 മീറ്ററാണ് നീളം. പാസഞ്ചർ ബർത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതോടെ സൗകര്യങ്ങളിൽ മുന്നിലെത്തും തുറമുഖം.

..................................

 സംസ്ഥാനത്തെ ഏറ്റവും വലിയ തുറമുഖങ്ങളുടെ പട്ടികയിൽ

 വാടക ഉൾപ്പെടെ എല്ലാ സൗകര്യങ്ങൾക്കും നിരക്ക് കുറവ്

അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവും അടുത്ത്

ബർത്തിൽ ആഴം 7.5 മീറ്റർ

 പാസഞ്ചർ, ചരക്ക് കപ്പലുകൾക്കായി ബർത്തുകൾ