17.4 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
കൊല്ലം: ചതയ ദിനത്തിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ 49 കേസുകൾ രജിസ്റ്റർ ചെയ്‌തു. മൂന്ന് എൻ.ഡി.പി.എസ് കേസും മൂന്ന് അബ്കാരി കേസും ഉൾപ്പെടെയാണിത്. 125 ഗ്രാം കഞ്ചാവ്, 70 ലിറ്റർ കോട, 600 മില്ലിലിറ്റർ വിദേശമദ്യം, 17.4 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നം എന്നിവ പിടിച്ചെടുത്തു. കോട്പ നിയമപ്രകാരമുള്ള കേസുകളിൽ നിന്ന് 8,600 രൂപ പിഴ ഈടാക്കി.
ഇരവിപുരം പുത്തൻചന്തയിൽ നിന്ന് 50 ഗ്രാം കഞ്ചാവുമായി അജ്മൽ ഷായെന്ന യുവാവിനെയും കരുനാഗപ്പള്ളി വെള്ളനാതുരുത്തിൽ നിന്ന് 25 ഗ്രാം കഞ്ചാവുമായി പണിക്കരുകടവ് സ്വദേശികളായ എസ്.അരുൺ, എസ്.ഫഹദ് ശങ്കർ എന്നിവരെയും പിടികൂടി. തലവൂർ ഇരുവേലിക്കൽ അമ്പിയിൽ വേളൂർ ഏലായിൽ നിന്ന് 70 ലിറ്റർ കോട കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് 13 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.