കൊല്ലം: ഇ.എസ്.ഐ ആനുകൂല്യം കൂടുതൽ തൊഴിലാളികൾക്ക് ലഭ്യമാക്കുന്ന വിധം പദ്ധതി വിപുലീകരിക്കുവാനുളള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. എല്ലാവിഭാഗത്തിൽപ്പെടുന്ന തൊഴിലാളികൾക്കും ഇ.എസ്.ഐ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു. വിവിധ മേഖലയിലെ ഇ.എസ്.ഐ ആനുകൂല്യമില്ലാത്ത തൊഴിലാളികൾക്കും ആനുകൂല്യം ലഭ്യമാക്കണമെന്നുളളത് ഒഴിച്ചുകൂടാനാവാത്തതാണ്.
ഓട്ടോറിക്ഷാ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കേഴ്‌സ്, അംഗൻവാടി വർക്കേഴ്‌സ്, എൽ.ഐ.സി ഏജന്റുമാർ, ഗാർഹിക തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാകുന്ന വിധം പദ്ധതി പുനരാവിഷ്‌കരിക്കണം ബില്ലിലെ ആവശ്യം സർക്കാർ പരിഗണിക്കണം. ഇ.എസ്.ഐ പദ്ധതിയുടെ ഭേദഗതിക്കായി നൽകിയ സ്വകാര്യ ബില്ലിലെ ആവശ്യങ്ങൾ പൂർണ്ണമായും ഉൾക്കൊളളുവാനും നടപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.