f
എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന 165 -ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ഭിക്ഷ, ദാനം എന്നിവയേക്കാൾ ഉത്തമം തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണെന്നും അത്തരത്തിലുള്ള സാമ്പത്തിക ദർശനമാണ് ഗുരുദേവന്റേതെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. 165 -ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്‌.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ സംഘടിപ്പിച്ച ജയന്തി ഘോഷയാത്രയ്ക്ക് ശേഷം യൂണിയൻ മന്ദിരത്തിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ ദർശനങ്ങൾക്ക് മുമ്പത്തേക്കാളും പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല മലയാളം വിഭാഗം മുൻ മേധാവി ഡോ. ജി. പദ്മറാവു മുഖ്യപ്രഭാഷണം നടത്തി. കലാകായിക മത്സര വിജയികളെ യോഗം കൗൺസിലർ പച്ചയിൽ സന്ദീപും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജും ആദരിച്ചു. യൂണിയൻ കൗൺസിലർമാരായ പാങ്ങലുകാട് ശശിധരൻ, ജി. നളിനാക്ഷൻ, കെ. രാഘുനാഥൻ, ആർ. സഹരാജൻ, എസ്‌. വിജയൻ, എം. മഹേശ്വരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം വി. അമ്പിളിദാസൻ, വനിതാസംഘം പ്രസിഡന്റ് കെ.എം. മാധുരി, വനിതാസംഘം സെക്രട്ടറി ഷീജ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് രാഹുൽ രാജ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം പി.കെ. സുമേഷ് സ്വാഗതവും ടൗൺ ശാഖാ സെക്രട്ടറി എസ്‌. സുധാകരൻ നന്ദിയും പറഞ്ഞു.