ശാസ്താംകോട്ട: പ്രതിഷേധങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നത് കുന്നത്തൂർ താലൂക്കിലെ വൃക്ക രോഗികൾക്ക് വലിയ ആശ്വാസമാവും. ഉദ്ഘാടനം കഴിഞ്ഞിട്ടും ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് ഉൾപ്പടെയുള്ള യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ജനറേറ്റർ ഇല്ലാത്തതിനാലാണ് പ്രവർത്തനം ആരംഭിക്കാൻ വൈകിയത്. ജനറേറ്ററും മറ്റ് ഉപകരണങ്ങളും ആശുപത്രിയിലെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
കരുതലോടെ ബ്ലോക്ക് പഞ്ചായത്ത്
കുന്നത്തൂർ താലൂക്കിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ബൃഹത്തായ പദ്ധതികളാണ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രി നേരിടുന്ന പ്രധാന പ്രശ്നമായ സ്ഥല പരിമിതി പരിഹരിക്കുന്നതിനായി അമ്പത് സെന്റ് സ്ഥലം വാങ്ങാൻ ഒരു കോടി ഇരുപത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
സെൻട്രലൈസ്ഡ് ഓക്സിജൻ സിസ്റ്റം, ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം, മെഡിസിൻ വാങ്ങൽ തുടങ്ങിയവയ്ക്കായി എഴുപത് ലക്ഷത്തിലധികം രൂപ വകയിരുത്തിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ മണി