കൊല്ലം: കളങ്കമില്ലാത്ത കളിചിരികൾക്ക് വേദിയായി ഫോസ്റ്റർ കെയർ സംഗമം 2019. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ശിശുസംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രിനിറ്റി ലൈസിയം സ്കൂളിൽ സംഘടിപ്പിച്ച ഫോസ്റ്റർ കെയർ സംഗമത്തിലാണ് ജീവിതത്തിൽ ഒറ്റയ്ക്കായ കുഞ്ഞുങ്ങളും അവരുടെ കരം പിടിച്ച് കരുതലേകിയ മാതാപിതാക്കളും ഒത്തുചേർന്നത്. ജില്ലയിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമുകളിൽ നിന്ന് ഫോസ്റ്റർ കെയർ അഥവാ വീട്ടുവളർത്തൽ പരിചരണത്തിന് അവസരം ലഭിച്ച കുട്ടികളുടെയും അവരെ ഏറ്റെടുത്ത മാതാപിതാക്കളുടെയും ഒത്തുചേരലിൽ നൂറോളം കുടുംബങ്ങളാണ് പങ്കെടുത്തത്.
മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഏറ്റെടുത്ത കുടുംബങ്ങളുടെ പരിചരണ മികവിൽ തിളക്കമാർന്ന വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു. മികച്ച ബാലനീതി പ്രവർത്തനങ്ങൾക്ക് കൊല്ലം ബി.ആർ.സി നൽകിവരുന്ന പുരസ്കാരങ്ങളുടെ വിതരണവും നടന്നു. ജില്ലാ ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർ സി. എബ്രഹാം, സാമൂഹ്യ പ്രവർത്തകൻ കെ. മനോഹരൻ എന്നിവർക്കായിരുന്നു പുരസ്കാരങ്ങൾ.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ. പി. സജിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം സി.ജെ. ആന്റണി, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സനിൽ വെള്ളിമൺ, ഡോ. അനിതകുമാരി, സി.ബി.എം. ആർ. പ്രസിഡന്റ് ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി ഡോ. അബു ചെറിയാൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജെ. പ്രസന്നകുമാരി, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഷൺമുഖദാസ്, മീനാകുമാരി, മുരളീധരൻപിള്ള, സോനു എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു. ഫോസ്റ്റർ കെയർ രക്ഷിതാക്കളുടെ അനുഭവം പങ്കിടൽ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.