cr
സുരക്ഷിത ചാത്തന്നൂർ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടന്ന അവലോകന യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പദ്ധതി വിശദീകരിക്കുന്നു. ജി.എസ്. ജയലാൽ എം.എൽ.എ, എ.സി.പി ജോർജ് കോശി എന്നിവർ സമീപം

ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെയും പൊലീസിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സുരക്ഷിത ചാത്തന്നൂർ പദ്ധതിയുടെ അവലോകന യോഗം ജി.എസ്. ജയലാൽ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പദ്ധതി വിശദീകരിച്ചു.

ബീറ്റ് തിരിച്ച് ജനകീയ പട്രോളിംഗ് നടത്തുന്നതിനായി സന്നദ്ധ പ്രവർത്തകരെ തിരഞ്ഞെടുത്ത് പരിശീലനവും ഐ.ഡി കാർഡും നൽകാൻ യോഗം തീരുമാനിച്ചു. എം.എൽ.എ ഫണ്ട് ചെലവഴിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനായി പൊലീസ് തിരഞ്ഞെടുത്ത നൂറോളം സ്ഥലങ്ങളിൽ അവസാന വട്ട പരിശോധനയും നടത്തി. ജനപക്ഷം ചാത്തന്നൂർ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ മണ്ഡലത്തിലെ എ.സി.പി ഓഫീസ് ഉൾപ്പടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും തീരുമാനമായി.