ochira1
ഓച്ചിറ പരബ്രഹ്മക്ഷേത്ര സന്നിധിയിൽ വിവാഹിതരായവർ

ഓച്ചിറ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തി 33 യുവതികൾ ഇന്നലെ പരബ്രഹ്മസന്നിധിയിൽ വിവാഹിതരായി. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടവർ മുതൽ വിവിധ കാരണങ്ങളാൽ വിവാഹം നീണ്ടുപോയവർവരെ ക്ഷേത്രഭരണസമിതിയുടെ കാർമ്മികത്വത്തിൽ സനാഥരാകുകയായിരുന്നു. വധൂവരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ആയിരങ്ങളാണ് വിവാഹചടങ്ങ് വീക്ഷിക്കുന്നതിനും വധൂവരന്മാരെ അനുഗ്രഹിക്കുന്നതിനുമായി എത്തിച്ചേർന്നത്. പരബ്രഹ്മത്തെ വണങ്ങി ഗണപതി ആൽത്തറയുടെ മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിൽ വധൂവരന്മാർ പരസ്പരം വരണമാല്യം അണിയിച്ചു.

വിവധ സമുദായ ആചാര്യന്മാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിവാഹിതരായ ഭൂരിപക്ഷം പെൺകുട്ടികളും ഓച്ചിറ പരബ്രഹ്മത്തെ തങ്ങളുടെ രക്ഷകനായി കരുതുന്ന തീരദേശത്തെ കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു. കഴിഞ്ഞ വർഷം 34പെൺകുട്ടികളുടെ വിവാഹമാണ് പരബ്രഹ്മ സന്നിധിയിൽ നടന്നത്.

സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സഹായത്തിന്റേയും ഉത്തമഉദാഹരണമാണ് പരബ്രഹ്മക്ഷേത്ര സന്നിധിയിൽ നടന്ന നിർധന യുവതികളുടെ മാംഗല്യമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു വിവാഹത്തിനോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട യുവതികളാണ് സുമംഗലികളായത്. എൻ. കെ.പ്രേമചന്ദ്രൻ എം.പി, എം. എൽ.എ മാരായ ആർ. രാമചന്ദ്രൻ, ആർ. രാജേഷ് എന്നിവർക്കു പുറമേ,രമാദേവിഅമ്മ, വരവിളശ്രീനി, ക്ഷേത്രഭരണസമിതി ഭാരവാഹികളായ ആർ.ഡി. പത്മകുമാർ, എം. ആർ. ബിമൽഡാനി, കെ.ജ്യോതികുമാർ, ശശിധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. വധുവിന് രണ്ട് ലക്ഷം രൂപയും താലിയും വധൂവരന്മാർക്ക് വിവാഹവസ്ത്രങ്ങളും നൽകി. ചടങ്ങിൽ പങ്കെടുത്തവർക്ക് വിവാഹസദ്യ ഒരുക്കിയിരുന്നു.