കരുനാഗപ്പള്ളി: കാടുമൂടിയ കരുനാഗപ്പള്ളി റെയിൽവേ ക്വാർട്ടേഴ്സും പരിസരവും സാമൂഹ്യവിരുദ്ധർ കൈയ്യടക്കി. ഒരു ദശാബ്ദമായി ഇവിടെ താമസക്കാരില്ലാത്തത് മറയാക്കിയാണ് ഇവരുടെ വിളയാട്ടം. 4 ക്വാർട്ടേഴ്സുകളിലായി 8 റെയിൽവേ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളാണ് താമസിച്ചിരുന്നത്. കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടങ്ങൾ സംരക്ഷിക്കാൻ റെയിൽവേ തയാറായിരുന്നില്ല. ഇതാണ് കെട്ടിടങ്ങൾ ഉപേക്ഷിക്കാൻ താമസക്കാരെ പ്രേരിപ്പിച്ചത്.
താമസത്തിന് ആളില്ലാതായതോടെ തകർച്ചയുടെ വ്യാപ്തിയും വർദ്ധിച്ചു.
കെട്ടിടത്തിന്റെ മേൽക്കൂരയും ഭിത്തികളും ഭാഗികമായി തകർന്നുകഴിഞ്ഞു. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ സന്ദർശനവേളയിലെല്ലാം കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നും നടപ്പായില്ല. കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഈ സ്ഥലവും കൂടി പാർക്കിംഗ് ഏരിയയാക്കി മാറ്റുന്നതിനെക്കുറിച്ചും റെയിൽവേ ഒരു ഘട്ടത്തിൽ ആലോചിച്ചിരുന്നു. ഇതും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു.
50 വർഷത്തിലേറെ പഴക്കം
റെയിൽവേ സ്റ്റേഷന് വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് കെട്ടിടങ്ങൾ. വർഷങ്ങളായി ആൾത്താമസമില്ലാതായതോടെ ഒരാൾപ്പൊക്കത്തിലാണ് കാട് വളർന്നിരിക്കുന്നത്. ഇതാണ് സാമൂഹ്യവിരുദ്ധർക്ക് മറയാകുന്നത്. പകൽ സമയത്തു പോലും സ്ത്രീകൾ ഇതുവഴി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ധൈര്യപ്പെടാറില്ല. ഇഴജന്തുകളുടെ ശല്യവും വർദ്ധിച്ചു. ഉഗ്ര വിഷമുള്ള പാമ്പുകളാണ് ഇവിടം താവളമാക്കിയിരിക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.
.........................................................
റെയിൽവേ ക്വാർട്ടേഴ്സിന്റെ പരിസരത്തുള്ള കാട് വെട്ടിത്തെളിക്കണമെന്ന് നിരവധി തവണ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനോട് പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. കെട്ടിടം പൊളിച്ചുനീക്കി ബഹുനില മന്ദിരം നിർമ്മിച്ചാൽ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാൻ സാധിക്കും. ഇതിനുള്ള തീരുമാനങ്ങളും പദ്ധതികളും റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടാകണം
കെ.കെ. രവി, ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ