കൊല്ലം: വേലിയേറ്റത്തിൽ അനുദിനം മുങ്ങിത്താഴുന്ന മൺറോതുരുത്തിന്റെ സുസ്ഥിര വികസനത്തിന് 90 കോടിയുടെ സ്വപ്ന പദ്ധതിയുമായി തീരദേശ വികസന കോർപ്പറേഷൻ (കെ.എസ്.എ.ഡി.സി). പടപ്പക്കര കുതിര മുനമ്പിൽ നിന്ന് മൺട്രോതുരുത്തിലെ മണക്കടവിലേക്ക് 1032 മീറ്റർ നീളമുള്ള ആഡംബര പാലമാണ് പദ്ധതിയിലെ പ്രധാനഘടകം. ഇതിനുപുറമേ മൺട്രോതുരുത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ബോട്ട് ജെട്ടികൾ, തുരുത്തിന് ചുറ്റും നടപ്പാത എന്നിവയും പദ്ധതിയിലുണ്ട്.
വാഹന ഗതാഗതത്തിനപ്പുറം തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് സൗകര്യം ഒരുക്കുകയാണ് പാലം നിർമ്മാണത്തിന്റെ പ്രധാനലക്ഷ്യം. ഇതിനായി 2.25 മീറ്റർ വീതിയിൽ പാലത്തിന്റെ ഇരുവശത്തും നടപ്പാതയുണ്ടാകും. കൂറ്റൻ ജലയാനങ്ങൾക്കടക്കം കടന്നുപോകാനുള്ള സൗകര്യാർത്ഥം പാലത്തിന് ജലനിരപ്പിൽ നിന്ന് 7.5 മീറ്റർ ഉയരമുണ്ടാകും. പരാമ്പരാഗത ശൈലിയിലുള്ള ശില്പങ്ങൾക്ക് പുറമെ മനോഹരമായ കൊത്തുപണികളും പാലത്തിലുണ്ടാകും. മദ്ധ്യഭാഗത്ത് ഇരുവശങ്ങളിലും കാഴ്ചകൾ ആസ്വദിക്കാൻ പ്രത്യേക ഇടവും പദ്ധതിയിലുണ്ട്.
വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാനായി ബോട്ട് ജെട്ടികളിൽ മത്സ്യബന്ധന ബോട്ടുകൾ അടുപ്പിക്കാനുള്ള സൗകര്യമൊരുക്കും. കൈയേറ്റം തടയുക എന്ന ലക്ഷ്യവും കൂടി നിർമ്മിക്കുന്ന നടപ്പാതയിൽ സൈക്കിൾ ട്രാക്കും ഉണ്ടാകും. കിഫ്ബിയിൽ നിന്നാണ് പദ്ധതിക്ക് ആവശ്യമായ പണം പ്രതീക്ഷിക്കുന്നത്. പദ്ധതി അംഗീകാരത്തിനായി കിഫ്ബിയ്ക്ക് സമർപ്പിച്ചിരിക്കുകയാണിപ്പോൾ. കെ.എസ്.സി.എ.ഡി.സി ചെയർമാനായ ഷേഖ് പരീത് ഐ.എ.എസ് ആണ് പദ്ധതിയുടെ ആസൂത്രകൻ.
പദ്ധതി ചെലവ്
പാലം നിർമ്മാണം: 87 കോടി
5 ബോട്ട് ജെട്ടി: 1 കോടി(20 ലക്ഷം വീതം)
തുരുത്തിന് ചുറ്റും നടപ്പാത: 2 കോടി
ആഡംബര പാലം
1032 മീറ്റർ നീളം
30 സ്പാനുകൾ
12 മീറ്റർ വീതി
2.25 വീതിയിൽ ഇരുവശത്തും നടപ്പാത
ലക്ഷ്യങ്ങൾ
മൺട്രോതുരുത്തിനെ ടൂറിസം ഹബ്ബാക്കുക
ഉത്തരവാദിത്വ ടൂറിസത്തിലൂടെ പ്രദേശവാസികൾക്ക് വരുമാനം
വേലിയേറ്റവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ ആശങ്ക കുറയ്ക്കുക
മൺറോതുരുത്തിലെ മത്സ്യവിഭവങ്ങൾ വേഗത്തിൽ വിപണിയിലേക്ക്
മത്സ്യബന്ധനത്തെ ടൂറിസവുമായി കൂട്ടിയിണക്കുക