തർക്കമുണ്ടായത് പൊതുമരാമത്ത് വകുപ്പും എൻ.സി.സിയും തമ്മിൽ
കൊല്ലം: കേരള ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള കൊല്ലം നഗരത്തിൽ സ്ഥിതി ചെയ്യുന്ന തേവള്ളി കൊട്ടാരത്തിന്റെ നവീകരണം പൊതുമരാമത്ത് വകുപ്പും എൻ.സി.സിയുമായുള്ള തർക്കത്തിൽ കുടുങ്ങി ഇഴയുന്നു. കൊട്ടാരം നവീകരിക്കാനുള്ള പദ്ധതി രണ്ട് കൂട്ടരും തയ്യാറാക്കിയതിനാൽ ആര് നവീകരിക്കുമെന്നതാണ് നിലവിവെ തർക്കത്തിന് കാരണം. തേവള്ളി കൊട്ടാരത്തിലാണ് എൻ.സി.സിയുടെ ജില്ലാ ഹെഡ് ക്വാട്ടേഴ്സ് പ്രവർത്തിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഒരു ഓഫീസും കൊട്ടാര വളപ്പിൽ പ്രവർത്തിച്ച് വരുന്നുണ്ട്. കൊട്ടാരത്തിന്റെ തനിമ നിലനിറുത്തിക്കൊണ്ടുള്ള നവീകരണത്തിന് ഒന്നേമുക്കാൽ കോടി രൂപയുടെ പദ്ധതിയാണ് പൊതുമരാമത്ത് വകുപ്പ് കൊല്ലം ഡിവിഷൻ തയ്യാറാക്കിയത്. ഇതേ പദ്ധതിയുമായി പൊതുമരാമത്ത് ചീഫ് എൻജിനിയറെ എൻ.സി.സിയും സമീപിച്ചതോടെ ചീഫ് എൻജിനിയർ പൊതുമരാമത്ത് വകുപ്പ് കൊല്ലം ഡിവിഷന്റെ പദ്ധതിക്ക് അനുമതി വൈകിപ്പിക്കുകയാണ്. എൻ.സി.സിയുടെ പദ്ധതിക്കും ഇതുവരെ അനുമതി നൽകിയിട്ടില്ല.
തേവള്ളി കൊട്ടാരത്തിന്റെ ചരിത്രം
ബ്രട്ടീഷ് ഭരണാധികാരികളുമായി ചർച്ച നടത്തുന്നതിന് ഇരുനൂറ് വർഷം മുൻപ് തിരുവിതാംകൂർ ഭരണാധികാരികളാണ് തേവള്ളി കൊട്ടാരം നിർമ്മിച്ചത്. ഡച്ച്, പോർച്ചുഗീസ്, ബ്രട്ടീഷ് ശൈലികൾ സമന്വയിപ്പിച്ച് ചുണ്ണാമ്പ് കല്ലും ചെങ്കലും ഉപയോഗിച്ചാണ് നിർമ്മാണം. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം കുറേക്കാലം അനാഥമായിക്കിടന്ന കെട്ടിടം പിന്നീട് എൻ.സി.സിക്ക് കൈമാറുകയായിരുന്നു.
ഉടമസ്ഥത സംബന്ധിച്ച പ്രശ്നം
പൊതുമരാമത്ത് വകുപ്പിനാണ് തേവള്ളി കൊട്ടാരത്തിന്റെ ഉടമസ്ഥത. വകുപ്പിന്റെ ആസ്തി രജിസ്റ്ററിലും കൊട്ടാരമുണ്ട്. അതുകൊണ്ട് തന്നെ നവീകരണ ചുമതല എൻ.സി.സിക്ക് നൽകിയാൽ ഉടമസ്ഥത സംബന്ധിച്ച് പിന്നീട് അവകാശം ഉന്നയിക്കുമോയെന്ന ഭയമാണ് പൊതുമരാമത്ത് വകുപ്പിന്. നഗരത്തിലെ മറ്റ് പല പൈതൃക കെട്ടിടങ്ങളും ആരും തിരിഞ്ഞു നോക്കാതെ നശിക്കുമ്പോഴാണ് തേവള്ളി കൊട്ടാരം നവീകരിക്കാനുള്ള അവകാശത്തിന്റെ പേരിൽ തർക്കം നടക്കുന്നത്.
പൈതൃക മ്യൂസിയമാക്കുമോ?
എല്ലാ ജില്ലയിലും ഒരു പൈതൃക മ്യൂസിയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് പദ്ധതിയുണ്ട്. ഇതിനായി ജില്ലയിൽ പ്രധാനമായും പരിഗണിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് തേവള്ളി കൊട്ടാരം. സമാന ആവശ്യം ഉന്നയിച്ച് നിരവധി സംഘടനകളും സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ഇതിന് പുറമേ തേവള്ളി കൊട്ടാരം പൈതൃക മ്യൂസിയമാക്കാൻ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കൊല്ലം നഗരസഭ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
പെരുവഴിയിലായത് 1.75 കോടിയുടെ പദ്ധതി