photo
വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്രി ചെയർമാൻ പി.ശിവരാജൻ വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം തുറയിൽകുന്ന് ശാഖയിൽ ചതയദിനാഘോഷത്തിന്റെ ഭാഗമായി അവാർഡുകളും ചികിത്സ ധനസഹായവും വിതരണം ചെയ്തു. ഇടയ്ക്കോട്ട് ജംഗ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന മരുതൂർകുളങ്ങര തെക്ക് അല്ലിമലർക്കാവിൽ രാമചന്ദ്രന് വിവിധ സംഘടനകൾ സമാഹരിച്ച ചികിത്സാ സഹായമാണ് കൈമാറിയത്. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ, തുറയിൽകുന്ന് ശാഖ, സ്തൂപം സൗഹൃദ വേദി, ഗെയ്സ് ഒഫ് തുറയിൽകുന്ന്, പ്രവാസി സംഘടന, സർവീസ് ആൻഡ് എക്‌സ് സർവീസ് കോൺഫഡറേഷൻ എന്നീ സംഘടനകളാണ് സഹായം നൽകിയത്. നഗരസഭാ കൗൺസിലർ സീനത്ത് ചികിത്സാ സഹായം സംഘടനകളിൽ നിന്ന് ഏറ്റുവാങ്ങി. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. ശിവരാജൻ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. തുറയിൽകുന്നിൽ നിന്ന് ആരംഭിച്ച ചതയദിന ഘോഷയാത്ര വിവിധ കേന്ദ്രങ്ങൾ ചുറ്റി തുറയിൽക്കുന്ന് ഗുരുമന്ദിരത്തിൽ സമാപിച്ചു.