ചാത്തന്നൂർ: ബി.ജെ. പി പ്രവർത്തകർ പ്രതിഷേധിക്കാൻ എത്തിയത് അറിഞ്ഞ് ചാത്തന്നൂർ എം. എൽ.എ ജി.എസ് ജയലാൽ പൊതുചടങ്ങിൽ പങ്കെടുക്കാതെ പാതിവഴിയിൽ മടങ്ങി.ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായിൽ ഫിഷറീസ് വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന മൽസ്യകൃഷിക്കായുള്ള നഴ്സറികുളം പോളച്ചിറ ഏലായിലേക്ക് തുറന്നുവിടുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് എം.എൽ.എ യാത്രതിരിച്ചത്.
എന്നാൽ, ആശുപത്രി ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നേരിടുന്നതിനാൽ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കാൻ എത്തി. ഇക്കാര്യം പൊലീസ് അറിയിച്ചതോടെ ഒരു കിലോമീറ്റർ അകലെവച്ച് എം. എൽ.എ മടങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. ദീപു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പ്രതിഷേധിക്കാൻ പ്രവർത്തകരുമായി എത്തിയ ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ യുവമോർച്ച മണ്ഡലം പ്രസിഡന്റ് നവീൻ കൃഷ്ണ,കോമളൻ വേലായുധൻ, വിനയൻ, സന്തോഷ് ബാബു,അജയകുമാർ, അനീഷ് രാജ്,ഗോപാലകൃഷ്ണപിള്ള,ശിവദാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസിനെതിരെ പ്രതിഷേധം തുടങ്ങി.തുടർന്ന് പൊലീസ് സന്തോഷിനെ വിട്ടയച്ചു.