ചാത്തന്നൂർ: ഒരു രാജ്യം ഒരു ഭാഷ എന്ന നിലയിലേക്ക് രാജ്യത്ത എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം രാജ്യത്ത് ആശങ്കാജനകമായ അന്തരീക്ഷമുണ്ടാക്കുമെന്നും ഭാരതത്തിൽ നിലനിൽക്കുന്ന നാനാത്വത്തിൽ ഏകത്വം എന്ന പാരമ്പര്യം തകർക്കുന്ന നീക്കമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ധനസ്ഥിതിയും ആഭ്യന്തരരംഗത്തെ പരാജയവും മറച്ചുവെക്കാൻ രാജ്യത്തിന് വിപത്തുണ്ടാക്കുന്ന വൈരുദ്ധ്യനയങ്ങൾ അടിച്ചേൽപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.ഇ.എസ്. ജില്ലകമ്മിറ്റിയുടെ വിദ്യാഭ്യാസസമ്മേളനവും അവാർഡുദാനവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലപ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. എം.ഇ.എസ്. ജനറൽസെക്രട്ടറി പ്രൊഫ. പി.ഒ.ജെ. ലബ്ബ അവാർഡുകൾ വിതരണംചെയ്തു. കണ്ണനല്ലൂർ നിസാം, ഡോ. ബി. അബ്ദുൽസലാം, ജെ. കമർസമാൻ, എം. ഷംസുദ്ദീൻ, എ.എ. സമദ്, കെ. ഷാജഹാൻ, എസ്.എം. മുസ്തഫാ റാവുത്തർ, എം. അൻസാർ, ഡോ. എസ്. താജുദ്ദീൻ എന്നിവർ പങ്കെടുത്തു.