കുണ്ടറ: സ്ത്രീകൾക്ക് മൊബൈൽ ഫോൺ വഴി അശ്ളീല ചിത്രങ്ങളുൾപ്പെടെയുള്ള സന്ദേശങ്ങൾ അയക്കുകയും സ്ത്രീകളുടെ വീട്ടിൽ അതിക്രമിച്ച് കയറി ദേഹോപദ്രപം ഏല്പിക്കുകയും ചെയ്തെന്ന പരാതിയിൽ പടപ്പക്കര സ്വദേശിയായ യുവാവിനെ കുണ്ടറ പൊലീസ് പിടികൂടി. പടപ്പക്കര ഫാത്തിമ ജംഗ്ഷനിൽ ജയവിലാസം വീട്ടിൽ അനിയപ്പൻ എന്ന് വിളിക്കുന്ന അനിലാണ് (38) പിടിയിലായത്. അനിയപ്പൻ സ്ഥിരം കുറ്റവാളിയാണ്. ഇയാൾക്കെതിരെ കുണ്ടറ സ്റ്റേഷനിൽ മാത്രം 2009 മുതൽ മണൽ കടത്ത്, അടിപിടി, പിടിച്ചുപറി, സ്ത്രീകളെ ശല്യം ചെയ്യൽ, കുറ്റകരമായ നരഹത്യാശ്രമം, പൊതുമുതൽ നശിപ്പിക്കൽ എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളിലായി 12 ഓളം കേസുകൾ നിലവിലുണ്ട്. അനിൽ നിരവധി തവണ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കുണ്ടറ എസ്.ഐ ഗോപകുമാർ, ഡ്രൈവർ എസ്.സി.പി.ഒ കബീർ, സി.പി.ഒ സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.