bus
തെങ്കാശി-തിരുവനന്തപുരം പാതയിലെ തെന്മല -ഡാം റോഡിലെ ഒന്നാം വളവിൽ കൊക്കയിലേക്ക് മറിഞ്ഞ മിനി ബസ്..

പുനലൂർ: പഴനിയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് തെന്മലയിലെ കൊക്കയിലേക്കു മറിഞ്ഞ് രണ്ടു കുഞ്ഞുങ്ങൾ അടക്കം 17പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 10പേരെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ ഏഴുപേർ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങി.

വർക്കല വലിയ വീട്ടിൽ ഓമന (24), നീജ (8മാസം), വർക്കല മദനൻ ഭവനിൽ ബൈജു(40), പത്തനാപുരം മാങ്കോട് ശ്യാമസദനത്തിൽ സിഞ്ചു (34), സുനിത (59), പവനൻ (60), അശ്വതി (24),റീന (58), ഉഷ (7മാസം), പിറവന്തൂർ സ്വദേശി രത്നാകരൻ (75)എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

വർക്കല, പത്തനാപുരം, പിറവന്തൂർ എന്നിവിടങ്ങളിലുള്ള ബന്ധുക്കൾ ഒന്നിച്ച് തീർത്ഥാടനത്തിന് പോയതായിരുന്നു.

ഇന്നലെ പുലർച്ചെ 3.30ന് തെങ്കാശി-തിരുവനന്തപുരം പാതയിലെ തെന്മല - ഡാം റോഡിലെ ഒന്നാം വളവിലായിരുന്നു അപകടം.

തെന്മല ഭാഗത്ത് നിന്നും കൊടുംവളവിലെ ഇറക്കം ഇറങ്ങിവന്ന മിനിവാൻ 80 അടി താഴ്ചയുളള കൊക്കയിലേക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മറ്റുവാഹന യാത്രക്കാർ തെന്മല പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലിസും യാത്രക്കാരും രക്ഷാപ്രവർത്തനം നടത്തി.

തെന്മല -ഡാം റോഡിലെ ഒന്നും, രണ്ടും വളവുകളിലെ കൊക്കയിൽ വാഹനങ്ങൾ മറിയുന്നത് പതിവ് സംഭവമായി മാറുകയാണ്. കോൺക്രീറ്റ് ചെയ്ത പാർശ്വഭിത്തി പണിയാത്തതാണ് അപകടങ്ങൾക്ക് മുഖ്യകാരണമെന്ന് നാട്ടുകാർ പറഞ്ഞു.