car
ദേശീയ പാതയിൽ ചാത്തന്നൂർ ഗാന്ധി സ്മാരക ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം

ചാത്തന്നൂർ: ചാത്തന്നൂർ ദേശീയ പാതയിൽ പൊലീസ് സ്റ്റേഷനു സമീപം ഗാന്ധി സ്മാരക ജംഗ്ഷനിൽ അലക്ഷ്യമായ ഡ്രൈവിംഗ് മൂലം വാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാർ മുന്നിലൂടെ പോയ കാറിൽ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട് റോഡരികിൽ നിറുത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് ഓടയിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാറുകളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാർ ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകട കാരണം. അപകടമുണ്ടാക്കിയ കാറിന് പിന്നിൽ വന്ന ടാങ്കർ ലോറിഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായത്. സംഭവസമയത്ത് എതിർ വശത്ത് നിറുത്തിയിട്ടിരുന്ന തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന കാറിനു പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് വന്നിടിച്ച് വീണ്ടും അപകടമുണ്ടായി. ഇതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. പൊലീസെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്. ചാത്തന്നൂർ പൊലീസ് കേസെടുത്തു.