police
പഴഞ്ചൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തെന്മല പൊലീസ് സ്റ്റേഷൻ

പുനലൂർ: തെന്മല പൊലീസ് സ്റ്റേഷന് പുതിയ മന്ദിരം പണിയുമെന്ന അധികൃതരുടെ വാക്ക് പതിരായി. തെന്മലയിൽ സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയിലെ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് അര നൂറ്റാണ്ടിലധികമായി സ്റ്റേഷൻ പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും കെട്ടിടത്തിന്റെ ശോച്യാവസ്ഥയും കാരണം തീരാദുരിതമാണ് ഉദ്യോഗസ്ഥർ അനുഭവിക്കുന്നത്.

പുതിയ കെട്ടിടം നിർമ്മിക്കുന്നതുവരെ തെന്മല ഡാം ജംഗ്ഷനിലെ കെ.ഐ.പിയുടെ കെട്ടിടത്തിലേക്ക് സ്റ്റേഷൻ താൽക്കാലികമായി മാറ്റി സ്ഥാപിക്കാനുള്ള നീക്കവും അനിശ്ചിതത്വത്തിലായി. കനത്തമഴയിൽ തീരാദുരിതമാണ് നിലവിലെ കെട്ടിടത്തിന്റെ കൈമുതൽ. ചോർന്നൊലിക്കുന്ന കെട്ടിടത്തിലിരുന്നുവേണം സി.ഐ അടക്കമുള്ളവർക്ക് ജോലി ചെയ്യാൻ.

കഴിഞ്ഞ വർഷം വനം വകുപ്പിന്റെ തടി ഡിപ്പോയോട് ചേർന്ന 95 സെന്റ് ഭൂമി സ്റ്റേഷൻ നിർമ്മിക്കുന്നതിനായി അളന്നുതിരിച്ച് നൽകിയിരുന്നു. കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. ഇത് കണക്കിലെടുത്ത് തെന്മല ഡാം ജംഗ്ഷനിലെ കെ.ഐ.പിയുടെ കെട്ടിടത്തിലേക്ക് സ്റ്റേഷൻ താൽക്കാലികമായി മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചു. കെട്ടിടത്തിൽ ലോക്കപ്പ് അടക്കമുള്ളവയുടെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

തകർച്ചയുടെ 10 വർഷങ്ങൾ

ബ്രിട്ടീഷുകാരുടെ ഭരണ കാലത്ത് നിർമ്മിച്ച പഴഞ്ചൻ കെട്ടിടത്തിലാണ് ഇപ്പോഴും പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വനിതാ പൊലീസുകാർ അടക്കം 32 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കെട്ടിടം ഈ അവസ്ഥയിലായിട്ട് 10വർഷം പിന്നിട്ടു. ഓട് മേഞ്ഞ കെട്ടിടത്തിന് മുകളിൽ ടാർപ്പളിൽ വലിച്ചു കെട്ടിയാണ് ചോർച്ചയിൽ നിന്നും താൽക്കാലികമായി രക്ഷപെടുന്നത്.

നടപടികൾ പാതിവഴിയിൽ

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്തും തെന്മല പൊലിസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ 30ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി പഞ്ചായത്ത് ഭൂമി വിട്ടുനൽകുകയും ചെയ്തു. എന്നാൽ ഇവിടെ നി‌ർമ്മാണം നടത്തുന്നതിനെതിരെ പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇതോടെ ഈ നീക്കം ഉപേക്ഷിച്ചു.

പഴക്കം: 50 വർഷത്തിലേറെ

തകർച്ചയിലായിട്ട്: 10 വർഷം

ജീവനക്കാർ‌: 32 ഓളം