ചാത്തന്നൂർ: നാടിനെ മാലിന്യ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 32 11 ഉം കേരള സർക്കാർ ഹരിത കേരള മിഷനും സംയുക്കമായി 200 വാർഡുകൾ വൃത്തിയാക്കുന്നതിനുള്ള 'റോട്ടറി എം പവേർഡ് ആക്ഷൻ ഫോർ ക്ലീൻലീനസ് ആൻഡ് ഹൈ ജീൻ റീച്ച്' പ്രോജക്ടിന് തുടക്കം കുറിച്ചു. റോട്ടറി ക്ലബ് ഇതിലേക്കായി തിരഞ്ഞെടുത്തത് ചാത്തന്നൂർ പഞ്ചായത്തിലെ കാരംകോട് വാർഡാണ്. ഘട്ടംഘട്ടമായി മറ്റ് വാർഡുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പ്രോജക്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാർഡ് കൂട്ടായ്മയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. വേസ്റ്റ് മാനേജ്മെന്റ് വിഷയത്തെക്കുറിച്ച് ഹരിത മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ ക്ലാസ് നയിച്ചു. കോട്ടൺ ബാഗിന്റെ സൗജന്യ വിതരണം ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല വർഗീസ് നിർവഹിച്ചു.