പാരിപ്പള്ളി: ഗതാഗതത്തിരക്ക് മൂലം വീർപ്പുമുട്ടുന്ന പാരിപ്പള്ളിയിലെ ട്രാഫിക് പരിഷ്കരണം ഇഴയുന്നു. പരവൂർ-മടത്തറ പാതയിലും കൊല്ലം-തിരുവനന്തപുരം ദേശീയപാതയിലുമാണ് തിരക്ക് മൂലം കാൽനടയാത്രപോലും ദുഷ്കരമാകുന്നത്. പഞ്ചായത്ത് മാർക്കറ്റും ഒാട്ടോ-ബസ് സ്റ്റാൻഡുകളും മൂലം തിരക്കേറിയ മടത്തറ പാതയിലെ ട്രാഫിക് നവീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിത്യേനെ നിരവധി പാചകവാതക ബുള്ളറ്റ് ടാങ്കറുകൾ കടന്നു പോകുന്ന പരവൂർ പാതയിലെ പ്രധാന തടസം ഒാട്ടോ-ബസ് സ്റ്റാൻഡുകളാണ്. ഇക്കാര്യങ്ങളും പരിഹാരങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ജനപ്രതിനിധികൾ, പൊലീസ്,വിവിധ സംഘടനകൾ എന്നിവർ ഉൾപ്പെട്ട ട്രാഫിക് പരിഷ്കരണ കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. ട്രാഫിക് പരിഷ്കരണ കമ്മിറ്റിയിൽ കൈക്കൊണ്ട തീരുമാനങ്ങളും ഗതാഗത പരിഷ്കരണവും ആഴ്ചകളായിട്ടും നടപ്പാക്കിയിട്ടില്ല.
ട്രാഫിക് പരിഷ്കരണ കമ്മിറ്റിയിൽ കൈക്കൊണ്ട നടപ്പാക്കാനാകാത്ത തീരുമാനങ്ങൾ
ദേശീയപാതയിലും പാരിപ്പള്ളി, മടത്തറ പാതയിലും ബസ് സ്റ്റാൻഡുകൾ മുന്നോട്ട് മാറ്റി സ്ഥാപിക്കുക
പുറപ്പെടുന്നതിന് നാല് മിനിറ്റ് മുമ്പ് മാത്രം ബസ് എത്തിക്കുക
ഗതാഗതം നിയന്ത്രിക്കാൻ നാല് ഹോംഗാർഡുകളെ സംഘടനകളുടെ ചെലവിൽ നിയമിക്കുക
മടത്തറ പാത ഒൺവേ ആക്കുക
ബസും ലോറിയും ജവഹർജംഗ്ഷൻ വഴി ദേശീയ പാതയിലേക്ക് തിരിച്ചുവിടുക
ട്രാഫിക് പരിഷ്കരണ കമ്മിറ്റി ഒരിക്കൽ കൂടി വിളിച്ചു ചേർക്കണം. ട്രാഫിക് സൈൻ ബോർഡുകൾ കിട്ടാനുള്ള കാലതാമസമാണ് പരിഷ്കാരം നടപ്പാക്കുന്നത് വൈകാൻ കാരണം.
ജോർജ്കോശി
ചാത്തന്നൂർ എ.സി.പി