കൊല്ലം: തീവ്രമായ ഭാഷാവഴികൾ നടന്ന് തീർക്കാൻ മലയാളത്തിന്റെ തന്റേടിയായ എഴുത്തുകാരൻ കാക്കനാടന് എക്കാലവും തണലായത് അമ്മിണിയെന്ന ജീവിത സഖിയാണ്. അന്നും എന്നും പ്രചോദിപ്പിക്കുന്ന ഒരു വ്യക്തി അമ്മിണി മാത്രമാണെന്ന് പരസ്യമായും രഹസ്യമായും പലകുറി കാക്കനാടൻ ആവർത്തിച്ചിരുന്നു. ഡൽഹിയിലെ ബസ് യാത്രയിൽ ഏലിയാമ്മ മാത്യുവിനെ ആദ്യമായി കണ്ടപ്പോൾ ജോർജ് വർഗീസ് കാക്കനാടനിൽ ഉണ്ടായ പ്രണയം അവസാന കാലത്തും അമ്മിണിയോട് ബേബിച്ചായനുണ്ടായിരുന്നു. പ്രണയത്തിന് മങ്ങലേൽക്കാതെ നിലനിറുത്താൻ കഴിഞ്ഞ ജീവിതമായിരുന്നു അവരുടേത്. സമാനതകളില്ലാത്ത ആ പ്രണയത്തിന്റെ അടയാളങ്ങളായിരുന്നു കാക്കനാടന്റെ തീവ്രമായ ഭാഷാ ശൈലിയിൽ പിറന്നു വീണ പല പുസ്‌തകങ്ങളും. എഴുത്തുകാരിലെ ഭർത്താവിനെ ഭാര്യമാർക്ക് പൊതുവെ കിട്ടാറില്ല. പക്ഷേ, എഴുത്തുകാരനായ കാക്കനാടനിലെ സ്നേഹനിധിയായ ഭർത്താവിന്റെ സ്നേഹവും കരുതലും അമ്മിണിയ്‌ക്ക് ആവോളം ലഭിച്ചു.
കാക്കനാടനെ കാണാൻ, അദ്ദേഹത്തോടൊപ്പം ജീവിതവും പുസ്‌തകങ്ങളും ചർച്ച ചെയ്യാൻ കൊല്ലത്തെ വീട്ടിലേക്ക് എത്തിയിരുന്നവരിൽ പ്രമുഖരായ എഴുത്തുകാർ മുതൽ സാധാരണക്കാരും വിദ്യാർത്ഥികളും ഉണ്ടായിരുന്നു. എല്ലാവർക്കും മുൻപിൽ ഒരേപോലെ വീടിന്റെ വാതിൽ തുറന്നുകിടന്നു. സൗഹൃദങ്ങളുടെ ഉത്സവമായിരുന്നു കാക്കനാടന്റെ പകലുകളോരോന്നും. കാണാനെത്തുന്നവർക്കെല്ലാം ഭക്ഷണം തയ്യാറാക്കാനും കഴിയുമെങ്കിൽ ഒപ്പമിരുത്തി കഴിപ്പിക്കാനും അമ്മിണി കാക്കനാടനുണ്ടായിരുന്നു. കാക്കനാടന്റെ വീട്ടിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർക്ക് വാത്സല്യനിധിയായ അമ്മിണിയെ മറക്കാനാകില്ല. ജോലി ഉപേക്ഷിച്ചശേഷം എഴുത്ത് കൊണ്ട് ജീവിക്കാമെന്ന് പ്രഖ്യാപിച്ച ഭർത്താവിന്
ജീവിതത്തിന്റെ അവസാന നിമിഷം വരെയും അവർ നൽകിയ പിന്തുണ ചെറുതല്ല. 'എടി അമ്മിണിയേ' എന്ന വിളിക്കപ്പുറം ബേബിച്ചായന്റെ അമ്മിണി എക്കാലവും ഉണ്ടായിരുന്നു.
1965ൽ ജീവിതവും ഭാഷയും പ്രണയും സമ്മേളിപ്പിച്ച് സ്നേഹനദിയായി ഒഴുകി തുടങ്ങിയവരിൽ നിന്ന് കാക്കനാടൻ പിൻവാങ്ങിയത് 2011ലാണ്. അന്ന് കൈലേസുകൊണ്ട് മുഖം പൊത്തി വിങ്ങിപൊട്ടിയ അമ്മിണി ഇന്ന് ഒരുപാട് പ്രീയപ്പെട്ടവരുടെ വിതുമ്പുലുകൾക്ക് മുൻപിൽ അവസാന യാത്രയ്ക്കൊരുങ്ങുകയാണ്.